|

ബി.ജെ.പി നേതാവിന്റെ പരാതിയില്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ അപകീര്‍ത്തി കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് ബി.ജെ.പി വക്താവ് ഷാസിയ ഇല്‍മി.

സര്‍ദേശായി എക്‌സില്‍ പങ്കുവെച്ച ഒരു വീഡിയോ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്നാണ് ഷാസിയ ഇല്‍മി പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ജൂലൈ 26ന് കാര്‍ഗില്‍ വിജയ് ദിവസത്തോട് അനുബന്ധിച്ച് ഇന്ത്യ ടുഡെ സംഘടിപ്പിച്ച സംവാദമാണ് കേസിന് ആധാരമായ സംഭവം. അന്നത്തെ ദിവസം സര്‍ദേശായി അവതാരകനായ ഷോയിലെ ബി.ജെ.പി വക്താവായിരുന്നു ഷാസിയ ഇല്‍മി. അഗ്നിവീര്‍, പ്രതിരോധ സേനയുടെ രാഷ്ട്രീയവത്ക്കരണം എന്നീ വിഷയങ്ങളിലായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്.

എന്നാല്‍ ചര്‍ച്ചയ്ക്കിടെ അഗ്നിവീര്‍ പദ്ധതിയുടെ പോരായ്മകള്‍ മേജര്‍ ജനറല്‍(റിട്ട) യാഷ് മോര്‍ ചൂണ്ടിക്കാട്ടിയതോടെ ബി.ജെ.പി വക്താവായ ഷാസിയ ഇടപെടുകയും, അവതാരകനും ഷാസിയയും തമ്മില്‍ തര്‍ക്കമുടലെടുക്കുകയും ചെയ്തു. ഒടുവില്‍ ചര്‍ച്ചയ്ക്കിടെ ഷാസിയ ഇറങ്ങിപ്പോവുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം ഷാസിയ ഇല്‍മി അവരുടെ വീട്ടില്‍ എത്തിയ ഇന്ത്യ ടുഡെ വീഡിയോ ജേണലിസ്റ്റിനെ അപമാനിച്ചെന്ന് പറഞ്ഞ് ഒരു വീഡിയോ സര്‍ദേശായി എക്‌സില്‍ പങ്ക് വെച്ചു.

‘നിങ്ങള്‍ക്ക് എന്നോടോ ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍മി ജനറലിനോടോ സംവാദത്തിനിടെ പരിഭവം ഉണ്ടായിട്ടുണ്ടാവും. അത് നിങ്ങളുടെ വ്യക്തിപരമായ അവകാശമാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു.

എന്നാല്‍ ഇന്ന് നിങ്ങള്‍ ഞങ്ങളുടെ വീഡിയോ ജേണലിസ്റ്റിനോട് മോശമായി പെരുമാറി. അവരുടെ മൈക്കില്‍ ചവിട്ടി, നിങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കി. എന്നാല്‍ അവന്‍ തന്റെ ജോലി മാത്രം ചെയ്തുകൊണ്ടിരുന്നു. മോശം പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാന്‍ സാധിക്കില്ല. ബാക്കി കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് വിട്ടു തരുന്നു,’ സര്‍ദേശായി എക്‌സില്‍ കുറിച്ചു.

സര്‍ദേശായിയുടെ പോസ്റ്റില്‍ പങ്ക് വെച്ച് വീഡിയോ കാരണം ആളുകള്‍ സമൂഹമാധ്യങ്ങളില്‍ തനിക്കെതിരെ മോശമായ കമന്റുകളും ട്രോളുകളും പോസ്റ്റ് ചെയ്യുന്നുവെന്നാണ് ഇല്‍മി കോടതിയെ അറിയിച്ചത്.

കൂടാതെ കേസില്‍ വിധി വരുന്നതുവരെ സര്‍ദേശായിയുടെ ട്വീറ്റ് രഹസ്യമാക്കിവെക്കണമെന്നന്നും ഇല്‍മിയുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി.

കേസ് പരിഗണിക്കുന്നതിന് മുന്‍പ് കേസിനാസ്പദമായ വീഡിയോയുടെ എഡിറ്റ് ചെയ്യാത്ത കോപ്പി കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ദേശായിയോടും ഇന്ത്യാ ടുഡേയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: BJP spoksperson files defamation suit against Rajdeep Sardesai