ന്യൂദല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണശേഷം താന്‍ നിരന്തരം വേട്ടയാടപ്പെട്ടൂവെന്ന് ശശി തരൂര്‍. മാതൃഭൂമി ഓണപതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ വെളിപ്പെടുത്തല്‍.
സുനന്ദയുടെ മരണം നടന്ന ദിവസങ്ങളില്‍ പത്രവായന നിര്‍ത്തിയാണ് താന്‍ സ്വയം പ്രതിരോധം തീര്‍ത്തതെന്നും തരൂര്‍ പറയുന്നു.
‘എനിക്ക് എന്റെ തന്നെ പ്രതിരോധ നിര തീര്‍ത്തേ തീരൂ, അതിനാല്‍ ആ സംഭവം നടന്ന ദിവസങ്ങളില്‍ പത്രവായന പോലും അപ്പാടെ നിര്‍ത്തി. വേട്ടയാടല്‍ ഇനിയും കഴിഞ്ഞിട്ടില്ല, അത് ഇടയ്ക്കിടെ തലപൊക്കാറുണ്ട്,’ ശശി തരൂര്‍ പറഞ്ഞു.
സുനന്ദ മരിച്ചപ്പോള്‍ അനുശോചിക്കാന്‍ വന്നവര്‍ പോലും വിരുന്നു സല്‍ക്കാരങ്ങളില്‍ പോകുമ്പോള്‍ തനിക്കെതിരെ കൊള്ളാത്ത കാര്യങ്ങള്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഈ വസ്തുതയുമായി ചേര്‍ന്ന് ജീവിച്ചേ കഴിയൂ എന്നും ആളുകളെ മുഖവിലയ്‌ക്കെടുക്കുന്നതാണ് എളുപ്പമായി തോന്നിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാവിലെ എഴുന്നേറ്റ് കണ്ണാടിക്കു മുന്നില്‍ നിന്ന് ഏത് ദൈവത്തെയാണോ നിങ്ങള്‍ ആരാധിക്കുന്നത് അദ്ദേഹത്തോട്, ഞാന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് എനിക്കറിയാം എന്ന് പറയാനാകുമെങ്കില്‍ അതാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി,’ തരൂര്‍ പറയുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തരൂരിനെ ബുധനാഴ്ച കുറ്റവിമുക്തനാക്കിയിരുന്നു. തരൂരിനെതിരായ ആത്മഹത്യാപ്രേരണക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ദല്‍ഹി റോസ് അവന്യൂ കോടതി പറഞ്ഞു.
ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ നേരത്തെ വാദിച്ചിരുന്നു. എന്നാല്‍ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ നല്‍കിയ മൊഴി.
മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. നേരത്തെ കേസില്‍ മൂന്ന് തവണ വിധി പറയുന്നതിനായി തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.
സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്ന് തരൂരിന്റെ അഭിഭാഷകന്‍ അഡ്വ. വികാസ് പഹ്വ വാദിച്ചു. സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ല.