ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബി.ജെ.പിക്കുള്ള വോട്ടിന് വേണ്ടിയുള്ള പ്രചരണമാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ യു.എന്‍ പ്രസംഗമെന്ന് ശശി തരൂര്‍ എം.പി.
പാക്കിസ്ഥാനെ കുറ്റം പറഞ്ഞ് ബി.ജെ.പിക്ക് വോട്ട് നേടാനാണ് മന്ത്രി ശ്രമിച്ചത്. ഇത്ര മികച്ച ഒരു പ്ലാറ്റഫോമില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കിട്ടിയ അവസരം സുഷമാ സ്വരാജ് നശിപ്പിച്ചതായും ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുഷമാ സ്വരാജ് യു.എന്നില്‍ പ്രസംഗിച്ചത്. കാലവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളിലായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇന്ത്യ ഏറെ കാലമായി ഭീകരവാദത്തിന്റെ ഇരയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Also Read രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്, പെട്രോള്‍ വില നൂറിലേക്കോ?
പാകിസ്ഥാനില്‍ ഭീകരവാദം ആഘോഷിക്കപ്പെടുകയാണെന്നും ഐക്യരാഷ്ട്ര സഭയില്‍ നവീകരണം ആവശ്യമാണെന്നും സുഷമാ സ്വരാജ് പറഞ്ഞിരുന്നു.
അതേസമയം സുഷമാ സ്വരാജിനെതിരെ പാക്കിസ്ഥാന്‍ പ്രതിനിധി രംഗത്തെത്തിയിരുന്നു ആര്‍.എസ്.എസിനെയും യോഗി ആദിത്യനാഥിനെയും പരാമര്‍ശിച്ചായിരുന്നു ഇന്ത്യയ്ക്കു നേരെ വിമര്‍ശനവുമായി പാകിസ്താന്‍ രംഗത്തെത്തിയത്.
തീവ്രവാദത്തിന്റെ വിളനിലമാണ് ഫാസിസ്റ്റു സംഘടനയായ ആര്‍.എസ്.എസ് എന്നും മതപരമായ ആധിപത്യത്തിന്റെ അവാകാശവാദം ഇന്ത്യയുടനീളം ഇവര്‍ പടര്‍ത്തുകയാണ് എന്നുമായിരുന്നു പാക്കിസ്ഥാനിന്റെ പ്രസ്താവന.