ന്യൂദൽഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുൾപ്പെടെയുള്ളവർക്കെതിതെ ദൽഹി കലാപത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇങ്ങനയെങ്കിൽ യഥാർത്ഥത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുകയും കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും ചെയ്തവരെ വെറുതെ വിടുമോ?, എന്നും ശശി തരൂർ ചോദിച്ചു.
പൗരത്വ സമരത്തിനിറങ്ങിയ പിഞ്ച്റ തോഡ് നേതാക്കളായ ജെ.എന്‍.യുവിലെ ദേവാംഗന കലിത, നടാഷ നര്‍വല്‍, വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതിയാക്കാനുള്ള നീക്കം.
സീതാറാം യെച്ചൂരിക്ക് പുറമെ പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദൽഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവർക്കെതിരെയും കുറ്റപത്രം ചുമത്തിയിട്ടുണ്ട്.
2020 ഫെബ്രുവരിയിലാണ് ദൽഹിയിൽ 53 പേരുടെ മരണത്തിനിടയാക്കിയ ദൽഹി കലാപം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ തുടക്കത്തിൽ തന്നെ ദൽഹി പൊലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വടക്കു കിഴക്കൻ ദൽഹിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ