| Sunday, 22nd March 2020, 3:35 pm

വൈറസ് ഇരകളുടെ മതം നോക്കില്ല, ഒരു ദിവസത്തെ ജനതാകര്‍ഫ്യൂ അല്ല പൂര്‍ണമായ അടച്ചിടലാണ് ആവശ്യം: ശശിതരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂകൊണ്ട് മാത്രം ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ശശിതരൂര്‍ എം.പി.
രാജ്യം പൂര്‍ണമായും അടച്ചിടുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനത കര്‍ഫ്യൂവിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കൊറോണ വയറസിന്റെ ആയുസ് 12 മണിക്കൂറല്ലെന്നും കയ്യടിച്ചതുകൊണ്ട് വയറസ് ചാവില്ലെന്നും തരൂര്‍ പറഞ്ഞു. ഗൗരവപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” ജനതാ കര്‍ഫ്യൂവിനെ പിന്തുണയ്ക്കുന്നു. പക്ഷേ ഒന്ന് മനസ്സിലാക്കണം കൊറോണ വൈറസിന്റെ ആയുസ് 12 മണിക്കൂറല്ല, കയ്യടിച്ചതുകൊണ്ട് വൈറസിനെ കൊല്ലാന്‍ പറ്റില്ല” അദ്ദേഹം പറഞ്ഞു.

വൈറസ് ഇരകളുടെ മതം നോക്കില്ലെന്നും ഹിന്ദുക്കളോ മുസ് ലിങ്ങളോ എന്നു നോക്കാതെ ഇന്ത്യക്കാരെന്ന നിലയില്‍ ഈ പ്രതിസന്ധിയില്‍ നിന്ന് പൊരുതി തിരിച്ചുവരാന്‍ പരസ്പരം സഹായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് ദല്‍ഹിയിലെ വീട്ടിലാണെന്നും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പാട്നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു.

ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്.

അതേസമയം രാജ്യത്ത് 370 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more