കലാപം നടത്തിയവരെ പിരികയറ്റി വിടുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപ കേസ് എന്തിനെക്കുറിച്ചാണ്; ബാബരി വിധിയില്‍ തരൂര്‍
Babari Masjid Verdict
കലാപം നടത്തിയവരെ പിരികയറ്റി വിടുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപ കേസ് എന്തിനെക്കുറിച്ചാണ്; ബാബരി വിധിയില്‍ തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st October 2020, 2:47 pm

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

ആരും ആസൂത്രണം ചെയ്തിട്ടല്ല പള്ളി പൊളിച്ചതെന്നും ആക്‌സ്മികമാണെന്നും കോടതി വാദിക്കുന്നു. പക്ഷേ പ്രേരിപ്പിച്ചുവിടുന്നത് തീര്‍ച്ചയായും ഒരു കുറ്റകൃത്യമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.

കലാപം നടത്തിയവരെ പിരികയറ്റി വിടുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപ കേസ് എന്തിനെക്കുറിച്ചാണെന്നും അദ്ദേഹം ചോദിച്ചു.

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞിരുന്നു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

കോടതി വിധിക്ക് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. രാഷ്ട്രീയ,കലാ, സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരാണ് വിധിക്കെതിരെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlights: If igniting the hotheads who undertook violence is not chargeable, then what are the Delhi riots cases about? says Shashi Tharoor