| Monday, 11th January 2021, 12:19 pm

ട്രംപിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് ഒച്ചയിടുന്നവര്‍ സ്വന്തം രാജ്യത്ത് നടക്കുന്നത് കണ്ടില്ലെന്ന് നടിക്കരുത്; മോദിക്കെതിരെയുള്ള ട്വീറ്റില്‍ നടപടിയെടുത്ത സംഭവത്തില്‍ തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പൈലറ്റിനെ പുറത്താക്കിയ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ സ്വകാര്യ കമ്പനികള്‍ ദുര്‍ബലപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന ആ ഇന്ത്യന്‍ ശബ്ദങ്ങള്‍ സ്വന്തം രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ എന്തുമാത്രം കാപട്യത്തോടെയാണ് പെരുമാറുന്നതെന്ന് മറക്കുന്നുവെന്നാണ് തരൂര്‍ പ്രതികരിച്ചത്.

തങ്ങളുടെ വിദ്വേഷ അജണ്ടയോട് സമാനമായ പ്രതികരണമുണ്ടാകുമെന്ന ഭയം കാരണമാണ് ട്രംപിന് നേരെയുണ്ടായ നടപടിയില്‍ ചിലര്‍ ആശങ്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിച്ച നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് തേജസ്വി സൂര്യ നേരത്തെ രംഗത്തെത്തിയിരുന്നു.

ജനാധിപത്യ രാജ്യങ്ങളോടുള്ള ഭീഷണിയാണ് ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് തേജസ്വി സൂര്യയുടെ വാദിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനോട് ട്വിറ്ററിന് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമെങ്കില്‍ ലോകത്തുള്ള ആരോടും ഇത് ചെയ്യാന്‍ സാധിക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത പൈലറ്റിനെതിരെ നടപടിയുണ്ടാകുന്നത്.
മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ക്യാപറ്റന്‍ മിക്കി മാലികിനെ ഗോഎയര്‍ വിമാന സര്‍വീസ് പുറത്താക്കിയത്.

പ്രധാനമന്ത്രി വിഡ്ഢിയാണെന്നായിരുന്നു മിക്കി മാലിക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്. ‘പ്രധാനമന്ത്രി വിഡ്ഢിയാണ്. എന്നെ തിരിച്ചും അതുതന്നെ വിളിക്കാം. ഒരു കുഴപ്പവുമില്ല. എനിക്ക് ഈ വിഷയത്തില്‍ ഒരു പ്രസക്തിയുമില്ല. കാരണം ഞാന്‍ പ്രധാനമന്ത്രി അല്ലല്ലോ,’ ഇതായിരുന്നു മിക്കി മാലികിന്റെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ShashiTharoor against BJP

We use cookies to give you the best possible experience. Learn more