| Friday, 27th October 2023, 9:00 pm

വിശ്വപൗരന്റെ ഇസ്രഈല്‍ പ്രേമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് തരൂര്‍ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്ന് ലീഗ് അവകാശപ്പെട്ട പരിപാടിയില്‍ മുഖ്യാഥിതിയായിരുന്ന തരൂര്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രഈലിനെ ആക്രമിച്ചത് ഭീകരവാദികളാണ് എന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.

തരൂര്‍ തന്റെ പ്രസംഗത്തില്‍ നാലിടങ്ങളിലാണ് ‘ഭീകരത’ അല്ലെങ്കില്‍ സമാന പദപ്രയോഗങ്ങള്‍ നടത്തിയത്. ഇവിടങ്ങളില്‍ വ്യക്തമായി ഫലസ്തീന്‍/ഹമാസ് വിഭാഗത്തെ പറ്റി മാത്രം പറയുന്നതാണ്. ഒരു സ്ഥലത്ത് ഇസ്രഈല്‍, ഭീകര പ്രവര്‍ത്തനം നടത്തിയെന്ന് പറയാതെ ‘മൃഗീയമായ പ്രതികരണമാണ്’ അവരുടേതെന്ന് പറയുക കൂടി ചെയ്ത് ലഘൂകരിക്കുന്നുണ്ട്.

വിവാദ പ്രസംഗത്തിനെതിരെ ലീഗിനകത്ത് നിന്നും വിവിധ മുസ്ലിം സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ അടക്കമുള്ളവര്‍ തരൂരിന്റെ പ്രസംഗത്തിനെതിരെ പരസ്യമായി രംഗത്തെത്തി.
മുസ്‌ലിം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രഈല്‍ ഐക്യദാര്‍ഢ്യ സമ്മേളനമാണ് നടത്തിയതെന്നാണ് സി.പി.ഐ.എം നേതാവ് എം. സ്വരാജ് പറഞ്ഞത്. ഫലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ ആക്രമണമാണെന്ന് പറഞ്ഞ ശശി തരൂര്‍ ഇസ്രഈലിന്റേത് മറുപടിയാണെന്ന് പറഞ്ഞത് വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാഞ്ഞിട്ടല്ലെന്നും സ്വരാജ് പറഞ്ഞു.

താന്‍ അന്നും ഇന്നും ഫലസ്തീന്‍ ജനതക്കൊപ്പമാണെന്നും തന്റെ പ്രസംഗം കേട്ടാല്‍ ആരും അത് ഇസ്രഈല്‍ അനുകൂലമായിരുന്നു എന്ന് പറയില്ലെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രമെടുത്ത് അനാവശ്യം പറയുന്നതിനോട് തനിക്കൊന്നും പറയാനില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ ഇതാദ്യമായല്ല തരൂര്‍ ഇസ്രഈലിനെ അനുകൂലിച്ച് സംസാരിക്കുന്നത്. 2009ല്‍ ഇസ്രഈലിന് അനുകൂലമായി ഇസ്രഈലി ദിനപത്രമായ ഹാരെറ്റ്‌സിലും അദ്ദേഹം സമാന നിലപാട് എഴുതിപ്പിടിപ്പിച്ചിരുന്നു. ഫലസ്തീനികളോട് ഇസ്രഈല്‍ പിന്തുടരുന്ന സമീപനം ഇന്ത്യ പാകിസ്ഥാനോട് എടുക്കാതെ പോയതില്‍ പരിഭവപ്പെട്ട് അന്ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ ഇസ്രഈല്‍ അസൂയ’ എന്ന ലേഖനത്തില്‍ ഇന്ത്യക്കും ഇസ്രഈലിനുമുള്ളത് ഒരേ ശത്രുക്കളാണെന്ന് തരൂര്‍ പറയുന്നുണ്ട്.

ഗസക്കെതിരെയുള്ള ഇസ്രഈല്‍ ആക്രമണത്തെ പ്രകീര്‍ത്തിക്കുകയും അതില്‍ വിസ്മയം രേഖപ്പെടുത്തുകയും ചെയ്ത തരൂരിന്റെ ലേഖനം ഇന്ത്യയിലെ ബി.ജെ.പി നേതാക്കളെ പോലും നാണം കെടുത്തുന്നതാണെന്ന് 2009 മാര്‍ച്ചില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹമാസിന്റെ ആക്രമണം ഇല്ലാതാക്കാന്‍ തീരുമാനിച്ച ഇസ്രഈല്‍ ‘നിശ്ചയദാര്‍ഢ്യത്തെ’ പുകഴ്ത്തിയ തരൂര്‍ മുംബൈ തീവ്രവാദ ആക്രമണം നേരിടുന്ന ചില ഇന്ത്യക്കാര്‍ക്ക് ഇതില്‍ അസൂയയുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇതേവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് ജയിച്ച തരൂര്‍ കേരളത്തിനകത്തും പുറത്തും നിന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

അതേസമയം നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഒരു സംഘടനയെ തീവ്രവാദ സംഘടനയെന്ന് പറയുമ്പോള്‍ വളരെയധികം സൂക്ഷിക്കണമെന്ന് ഒരു അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞിരുന്നു.

ഇസ്രഈലും അമേരിക്കയും ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും താന്‍ ഇന്ത്യക്കൊപ്പമാണ് എന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്.

ഇതിനെതിരെ ഇന്ത്യയിലെ മുന്‍ ഇസ്രഈല്‍ അംബാസിഡര്‍ രംഗത്ത് വന്നതിന് പിന്നാലെ, ഹമാസിന്റേത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്നും താന്‍ അതിനെ അപലക്കുന്നുവെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇന്ത്യ അങ്ങനെയൊരു വിശേഷണം നല്‍കിയിട്ടില്ല എന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നായിരുന്നു തരൂരിന്റെ വാദം.

തരൂരിന്റെ പ്രസംഗം മുസ്‌ലിം ലീഗിന് വലിയ തിരിച്ചടിയായെങ്കിലും സംഭവവികാസങ്ങള്‍ ലീഗിന്റെയും തരൂരിന്റെയും രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ ഉപകരിച്ചേക്കും. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടുന്നതിന് ഇസ്രഈല്‍ അനുകൂല നിലപാട് തരൂരിന് മുതല്‍ക്കൂട്ടാകുമ്പോള്‍ അതേ വേദിയില്‍ തരൂറിന് മറുപടി നല്‍കുന്നത് മുസ്‌ലിം ലീഗിന് മേലേറ്റ പ്രഹരത്തിന് പരിഹാരമാവുകയും ചെയ്യും.

ഡൂള്‍ന്യൂസ് ഡെസ്‌ക്