| Tuesday, 10th December 2019, 4:06 pm

'അവരെ വര്‍ഗീയമായി വേര്‍തിരിക്കുന്നത് ഒരു കാഴ്ചക്കാരനെ പോലെ കണ്ടിരിക്കുന്നതിലും ഭേദം അവര്‍ക്കൊപ്പം ജയിലില്‍ പോവുന്നതാണ്'; അമിത് ഷായ്ക്ക് കത്തയച്ച് രാജിവെച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രാജിവെച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് സെന്തിലിന്റെ കത്ത്. എന്‍.ആര്‍.സിയെ അംഗീകരിക്കില്ലെന്നും തന്റെ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കില്ലെന്നും സെന്തില്‍ വ്യക്തമാക്കി.

രേഖകള്‍ നല്‍കാത്തതിന്റെ പേരില്‍ എന്ത് നടപടിയുണ്ടായാലും നേരിടാന്‍ താന്‍ യ്യാറാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. കത്ത് ട്വിറ്ററിലും അദ്ദേഹം പോസ്റ്റുചെയ്തു.

‘എന്റെ പൗരത്വം തെളിയിക്കാന്‍ വേണ്ടി രേഖകള്‍ ഞാന്‍ സമര്‍പ്പിക്കില്ല. അതോടൊപ്പം എന്റെ ഈ അനുസരണക്കേടിനെതിരെ രാജ്യം കൈക്കൊള്ളുന്ന എന്തു നടപടിയും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്. എന്നെ ഇന്ത്യന്‍ പൗരനല്ലെന്ന് പ്രഖ്യാപിക്കാനാണ് രാജ്യം തീരുമാനിക്കതെങ്കില്‍ നിങ്ങള്‍ രാജ്യമെമ്പാടും കെട്ടിപ്പൊക്കുന്ന തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ എനിക്ക് സന്തോഷമേയുള്ളു’, അദ്ദേഹം കത്തില്‍ പറയുന്നു.

ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും അവരെ വര്‍ഗീയമായി വേര്‍തിരിക്കുന്നതും ഒരു കാഴ്ചക്കാരനെന്ന പോലെ കണ്ടിരിക്കുന്നതിലും ഭേദം അവര്‍ക്കൊപ്പം ജയിലിലേക്ക് പോവുന്നതാണെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത് ‘ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ദിനം’ എന്ന് വിശേഷിപ്പിച്ചായിരുന്നു സെന്തിലിന്റെ കത്ത്.

‘സി.എ.ബിയെ പ്രത്യേകം പരിഗണിക്കാതെ, എന്‍.ആര്‍.സി എന്ന ആശയം തന്നെ ഒരു മനുഷ്യത്വരഹിതമായ ഒരു ശ്രമമാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ രാജ്യത്തെ ജനങ്ങളായ നമ്മള്‍ ഇപ്പോള്‍ എല്ലാ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി നിലകൊള്ളണം’

‘നിങ്ങളുടെ സര്‍ക്കാരിനെ നയിക്കുന്ന വിദ്വേഷത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് നിങ്ങള്‍ ബില്ലിനെതിരെയുള്ള വിമര്‍ശനങ്ങളെ നേരിട്ടത്. മുസ്‌ലിം, ആദിവാസി ജന വിഭാഗങ്ങളുടെ മതേതരത്വത്തെക്കുറിച്ചുള്ള ധാരണകള്‍ മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടതില്‍ എനിക്ക് തികച്ചും ലജ്ജ തോന്നുന്നു’-സെന്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ വിയോജിപ്പ് വ്യക്തമാക്കി രാജിവെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനു പിന്നാലെയായിരുന്നു തമിഴ്‌നാട് സ്വദേശിയായ ശശികാന്ത് സെന്തിലിന്റെ രാജി. ജനാധിപത്യം മുന്‍കാലങ്ങളില്ലാത്ത വിധം സന്ധി ചെയ്യുപ്പെടുന്നുവെന്നായിരുന്നു സെന്തില്‍ തന്റെ രാജിക്കത്തില്‍ എഴുതിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more