ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ് കയ്യേറ്റം ചെയ്തതില്‍ പ്രതികരണവുമായി ശശി തരൂര്‍. എന്റെ വീഴ്ച ഒരുപാട് പേര്‍ക്ക് താങ്ങാവുമെങ്കില്‍ ആ വീഴ്ചയിലെനിക്ക് ദു:ഖമില്ലെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ഹാത്രാസിലെത്തിയ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പങ്കുവെച്ചുക്കൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
‘എന്റെ വീഴ്ചയില്‍ ഇപ്പോഴെനിക്ക് ദു:ഖമില്ല, കാരണം എന്റെ വീഴ്ച നിരവധി പേര്‍ക്ക് താങ്ങാകുമല്ലോ’ എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വരികളാണ് ശശി തരൂരിന്റെ ട്വീറ്റിലുള്ളത്.
അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയ്ക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ യു.പി സര്‍ക്കാര്‍ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
“अब मुझे रंज नही गिरने का
मेरे गिरने से कई लोग संभल जाएंगे!” pic.twitter.com/dfKWgWbbo1— Shashi Tharoor (@ShashiTharoor) October 1, 2020
203 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും എകോടെക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്ഷന്‍ 332, 353, 427, 323, 354 (ബി), 147,148 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നേരത്തെ ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.