ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന താരമാണ് സഞ്ജു സാംസണ്‍. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മോശം ഫോമില്‍ തുടരുന്ന താരങ്ങളെ കളിപ്പിക്കുകയും സഞ്ജുവിനെ പുറത്തിരുത്തുന്നതുമായ പ്രവണതയാണ് മാനേജ്‌മെന്റ് തുടര്‍ന്നുപോരുന്നത്.
സഞ്ജുവിനെ പുറത്തിരുത്തി തുടര്‍ച്ചയായി ഫ്‌ളോപ്പ് ആകുന്ന റിഷബ് പന്തിനെ പോലുള്ള താരങ്ങളെ കളിപ്പിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശങ്ങളാണുയരുന്നത്.
ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. പിന്നാലെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തുടര്‍ച്ചയായ മത്സരങ്ങളില്‍ സഞ്ജുവിനെ പുറത്തിരുത്തിരുത്തുകയായിരുന്നു.
എന്നാല്‍ ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ച സഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും അവസാന രണ്ട് ഏകദിനങ്ങളിലും അദ്ദേഹത്തെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല.
മൂന്നാം ഏകദിനത്തിലും സഞ്ജുവിനെ ടീം ഇന്ത്യ പുറത്തിരുത്തിയത് ആരാധകരെ രോഷാകുലരാക്കി. ഇപ്പോള്‍ അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും, എം.പിയുമായ ശശി തരൂര്‍.
റിഷബ് പന്ത് മികച്ച കളിക്കാരനാണെന്നും എന്നാല്‍ അവസാന 11 ഇന്നിങ്‌സുകളില്‍ 10 എണ്ണത്തിലും പരാജയപ്പെട്ടയാളാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
സഞ്ജുവിന് ഏകദിനത്തില്‍ ബാറ്റിങ് ശരാശരി 66 ഉണ്ടെന്നും, അവസാന അഞ്ച് കളികളില്‍ റണ്‍സ് നേടിയിട്ടുണ്ടെന്നും ഓര്‍മ്മപ്പെടുത്തിയ തരൂര്‍ സഞ്ജുവിനെ വീണ്ടും വീണ്ടും അവഗണിക്കുന്നതില്‍ അസ്വസ്ഥനാണെന്നും വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.
മോശം ഫോമിലൂടെ കടന്നു പോകുന്ന പന്ത് മൂന്നാം ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ തരൂര്‍ അടുത്ത ട്വീറ്റുമായെത്തി.
പന്തിന് ഒരു പരാജയം കൂടി സംഭവിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന് തീര്‍ച്ചയായും വൈറ്റ് ബോള്‍ മത്സരങ്ങളില്‍ നിന്ന് ഒരു ഇടവേള ആവശ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സഞ്ജു സാംസണിന് ഒരു അവസരം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നും തന്റെ കഴിവ് തെളിയിക്കാന്‍ സഞ്ജുവിന് ഐ.പി.എല്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
Content Highlights: Shashi tharoor tweet for Sanju Samson