| Sunday, 12th April 2020, 10:20 pm

ലോക്ഡൗണില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചു; നഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ശശി തരൂര്‍; 'കേരളത്തില്‍ മാത്രമാണ് ശരിയായ പരിശോധനകള്‍ നടക്കുന്നത്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം തടയാനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകിയെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചെന്നും തരൂര്‍ ആരോപിച്ചു. മാതൃഭൂമി ന്യൂസിന്റെ ‘അതിജീവിക്കും നമ്മള്‍’ പരിപാടിയിലായിരുന്നു തരൂരിന്റെ പ്രതികരണം.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചു. തയ്യാറെടുക്കാന്‍ ജനങ്ങള്‍ക്ക് സമയം നല്‍കിയില്ല. അതേസമയം, ലോക്ഡൗണ്‍ ചെയ്യണമെന്ന കേന്ദ്രത്തിന്റെ തീരുമാനത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

‘മാര്‍ച്ച് തുടക്കം മുതല്‍ മറ്റുരാജ്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നത് വരെ അവര്‍ ലോക്ക്ഡൗണ്‍ പ്രഖാപിക്കാതെ കാത്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിന്റെ അടുത്ത ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു’

‘രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന തീരുമാനം വളരെ നേരത്തെ ഉണ്ടായിരുന്നതാണ്. ജനതാ കര്‍ഫ്യൂവിന് രണ്ടുദിവസം മുമ്പ് നോട്ടീസ് തന്നിട്ടാണ് പ്രധാനമന്ത്രി കര്‍ഫ്യൂ രാജ്യത്ത് നടപ്പാക്കിയത്. എന്നാല്‍ നാലുമണിക്കൂറിന്റെ നോട്ടീസിലാണ് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്’, തരൂര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് തയ്യാറെടുപ്പിന് സമയം അനുവദിച്ചിരുന്നുവെങ്കില്‍ ലോക്ക്ഡൗണിന് ശേഷം രാജ്യം സാക്ഷ്യം വഹിച്ച പല ബുദ്ധിമുട്ടുകളും ജനങ്ങള്‍ക്ക് സഹിക്കേണ്ടി വരില്ലായിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരു സംസ്ഥാനത്ത് നിന്ന് അടുത്ത സംസ്ഥാനത്തേക്ക് 800 കിലോമീറ്റര്‍ നടക്കേണ്ടി വരില്ലായിരുന്നു. രാജ്യത്തെ ഓരോ പൗരനും സഹിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ശരിയായ രീതിയില്‍ പരിശോധനകള്‍ നടന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകളെ പരിശോധനക്ക് വിധേയരാക്കിയതും കേരളമാണ്. മറ്റുസംസ്ഥാനങ്ങളില്‍ പരിശോധനകള്‍ വേണ്ട രീതിയില്‍ നടന്നിട്ടുണ്ടോ എന്ന കാര്യംവ്യക്തമല്ല. അതിനാല്‍ തന്നെ നിലവില്‍ പുറത്തുവരുന്ന രോഗബാധയുടെ കണക്ക് കൃത്യമാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more