വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
ഐ.പി.എല്ലില്‍ ഈ സീസണിൽ സഞ്ജു സാംസണിന്റെ നേതൃത്തിൽ രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 14 പോയിന്റോടെ പ്ലേ ഓഫിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
ഐ.സി.സി മേജര്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് സഞ്ജുവിനെ അവഗണിച്ചതിനെതിരെ സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിക്കുകയും സഞ്ജുവിന് നീതി നല്‍കണമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. സഞ്ജു സാംസന് പിന്തുണ അറിയിച്ച മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.
‘യശസ്വി ജെയ്‌സ്വാളിനെക്കുറിച്ചും സഞ്ജു സാംസണിനെക്കുറിച്ചും ഹര്‍ഭജന്‍ സിങ് പറഞ്ഞ കാര്യത്തോട് ഞാന്‍ യോജിക്കുന്നു. സഞ്ജുവിന് അര്‍ഹമായ സ്ഥാനം ഇന്ത്യന്‍ ടീമില്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഐ.പി.എല്ലിലെ മുന്‍നിര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ സഞ്ജുവിനെ കുറിച്ച് ആരും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല,’ ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.
Delighted to agree with my fellow MP @harbhajan_singh on both @ybj_19 and @IamSanjuSamson ! Have been arguing for years that Sanju has not had the selectoral breaks he deserved. Now he is the leading Keeper-batsman in the @IPL but is still not discussed when the team is debated.… https://t.co/ZaqVHMIpTT
ഈ സീസണിലെ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനമാണ് നടത്തുന്നത്. നിലവില്‍ എട്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 314 റണ്‍സ് ആണ് മലയാളി താരം അടിച്ചെടുത്തത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു.