ഐക്യരാഷ്ട്രസഭയിൽ ഉള്ളപ്പോൾ മുതലുഉള്ള നിലപാട്; ഹമാസ് ഭീകരർ എന്ന നിലപാടിൽ മാറ്റമില്ലാതെ ശശി തരൂർ
Kerala
ഐക്യരാഷ്ട്രസഭയിൽ ഉള്ളപ്പോൾ മുതലുഉള്ള നിലപാട്; ഹമാസ് ഭീകരർ എന്ന നിലപാടിൽ മാറ്റമില്ലാതെ ശശി തരൂർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th March 2024, 9:08 am

തിരുവനന്തപുരം: ഹമാസ് വിഷയത്തില്‍ മുന്‍പുണ്ടായിരുന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ്ബില്‍ നടന്ന വികസന രേഖ ലോഞ്ചിങ് ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശശി തരൂര്‍.

‘ഹമാസിനെ സംബന്ധിച്ചുള്ള എന്റെ നിലപാട് മുസ്‌ലിം ലീഗിനോട് വ്യക്തമാക്കിയതാണ്. അവര്‍ക്ക് ഈ വിശദീകരണത്തില്‍ ഒരു സംശയവും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹത്തിനോട് എനിക്ക് എപ്പോഴും സ്‌നേഹവും ബഹുമാനവും ആണുള്ളത്,’ തരൂര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം കോഴിക്കോടില്‍ വെച്ച് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ ആയിരുന്നു ശശി തരൂര്‍ ഹമാസിനെ ‘ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഈ പ്രസ്താവനക്കെതിരെ ധാരാളം വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ഇതിനുപിന്നാലെ മുസ്‌ലിം ലീഗ് റാലിയില്‍ നടത്തിയ ഹമാസ് പരാമര്‍ശത്തില്‍ തിരുത്ത് വരുത്തില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു.

‘ഗസ യുദ്ധത്തില്‍ അന്നും അതിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഇപ്പോഴും ഒരേ നിലപാട് തന്നെയാണ് എനിക്കുള്ളത്. നമ്മള്‍ ജനങ്ങളോടൊപ്പം ആണ് നില്‍ക്കേണ്ടത് അവരുടെ ദുഃഖത്തിന് നമ്മള്‍ പരിഹാരം കാണണം അതുകൊണ്ടുതന്നെ യുദ്ധം നിര്‍ത്തണം,’ ശശി തരൂര്‍ പറഞ്ഞിരുന്നു.

Content Highlight: Shashi Tharoor talks about hamas