ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യയില്‍ തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി പ്രഖ്യാപിച്ച് ശശി തരൂര്‍. പതിവ് പോലെ തന്റെ അപൂര്‍വ്വ പദസമ്പത്ത് പ്രയോഗിച്ചാണ് ശശി തരൂര്‍ “സൈന്‍ ഓഫ്” ട്വീറ്റും
തയ്യാറാക്കിയത്. “epicaricacy” കാരണം ട്വിറ്റര്‍ വിടുന്നു എന്നാണ് ശശി തരൂര്‍ കുറിച്ചത്. വാക്കിന്റെ അര്‍ത്ഥവും തരൂര്‍ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
Staying off @Twitter for a while — one encounters too much epicaricacy! pic.twitter.com/znaj8vUl0R
— Shashi Tharoor (@ShashiTharoor) May 14, 2018
“ട്വിറ്ററില്‍ നിന്ന് കുറച്ച് കാലത്തേക്ക് വിടപറയുന്നു. ഒരുപാട് “epicaricacy” നേരിടേണ്ടി വരുന്നു.” – എന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. മറ്റുള്ളവരുടെ ദൗര്‍ഭാഗ്യത്തില്‍ സന്തോഷം കണ്ടെത്തുന്നതിനെയാണ് ആ വാക്ക് അര്‍ത്ഥമാക്കുന്നതെന്ന് തരൂര്‍ ട്വീറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അവിശ്വസനീയമായ കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളതെന്ന് തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. സുനന്ദയെ അറിയുന്ന ആരും തന്നെ അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കില്ല, ഞാന്‍ പ്രേരിപ്പിച്ചെങ്കില്‍ പോലും…” എന്നാണ് കുറ്റപത്രത്തെക്കുറിച്ച് തരൂര്‍ ട്വീറ്റ് ചെയ്തത്.
നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ഇക്കാര്യമാണോ ദല്‍ഹി പൊലീസിന് കണ്ടെത്താനായതെന്നും അദ്ദേഹം ചോദിച്ചു. “2017 ഒക്ടോബറില്‍ നിയമകാര്യ ഉദ്യോഗസ്ഥന്‍ ദല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞത് മരണത്തില്‍ ആര്‍ക്കെതിരേയും ഒന്നും കണ്ടെത്താനായിട്ടില്ല എന്നതായിരുന്നു. ആറുമാസത്തിനുശേഷം ഞാന്‍ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചു എന്ന കണ്ടെത്തലില്‍ എത്തിയിരിക്കുന്നു. അവിശ്വസനീയം”,തരൂര്‍ പറഞ്ഞു.