|

ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം കേസുകളില്‍ നിന്ന് രക്ഷപ്പെട്ടവര്‍; സിസോദിയയുടെ അറസ്റ്റിന് പിന്നാലെ കണക്കുകള്‍ നിരത്തി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ ബി.ജെ.പിയെ ശക്തമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതിവിരുദ്ധ മുദ്രാവാക്യം പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്പ് വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട നേതാക്കളുടെ പട്ടികയും ശശി തരൂര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നുണ്ട്.

നാരായണ്‍ റാണെ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ, ഭാവ്‌ന ഗൗലി, യശ്വന്ത് ജാദവ്, എം.എല്‍.എ യാമിനി ജാദവ്, പ്രതാപ് സര്‍നായ്ക്, ബി.എസ്. യെദിയൂരപ്പ തുടങ്ങിയവരുടെ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജലവിതരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ക്ക് വിധേയനായ വ്യക്തിയായിരുന്നു ഹിമന്ത് ബിശ്വ ശര്‍മ. എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം എല്ലാ കേസുകളും പിന്‍വലിക്കുകയായിരുന്നു.

300കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണവിധേയനായിരുന്നു നാരായണ്‍ റാണെ. ഇദ്ദേഹത്തിനെതിരെയുള്ള കേസും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഇല്ലാതായി.

നാരദ തട്ടിപ്പ് കേസില്‍ സുവേന്ദ അധികാരിയും സമാ ൃന രീതിയില്‍ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. അഞ്ച് ഇ.ഡി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഭാവ്‌ന ഗൗലി നിലവില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ ചീഫ് വിപ്പാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരമായി ഉപയോഗിക്കുന്ന ‘നാ ഖൂംഗ നാ ഖാനേ ദൂംഗാ’ (കഴിക്കുകയുമില്ല, കഴിക്കാന്‍ അനുവദിക്കുകയുമില്ല) എന്ന വാക്യത്തെയും തരൂര്‍ പരിഹസിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും ബീഫിനെ കുറിച്ച് മാത്രമായിരിക്കും മോദി പറഞ്ഞതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Shashi tharoor slams BJP, says modi might have told about beef and not corruption