'ഇവിടെയെനിക്ക് ഒരു ടേബിളിലിരുന്ന് ബീഫും പോര്‍ക്കും മദ്യവും കഴിക്കാം'; വീണ്ടും കേരള സ്റ്റോറി 'ഒറിജിനല്‍' പങ്കുവെച്ച് തരൂര്‍
Kerala News
'ഇവിടെയെനിക്ക് ഒരു ടേബിളിലിരുന്ന് ബീഫും പോര്‍ക്കും മദ്യവും കഴിക്കാം'; വീണ്ടും കേരള സ്റ്റോറി 'ഒറിജിനല്‍' പങ്കുവെച്ച് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th May 2023, 5:32 pm

‘കേരള സ്റ്റോറി’ എന്ന പേരില്‍ റുഖയ എന്ന മലയാളി പെണ്‍കുട്ടി കുറിച്ച ചെറുകവിത സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച് ശശി തരൂര്‍ എം.പി. കേരളത്തിന്റെ മതേതര മുഖം വെളിവാക്കുന്ന കൊച്ചു കൊച്ചു സന്ദര്‍ഭങ്ങള്‍ ചേര്‍ത്തുവെക്കുന്നതാണ് ഈ കവിതയുടെ പ്രമേയം.

ഇതിന് മുമ്പും ശശി തരൂര്‍ സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറിക്കെതിരായി തന്റെ നിലപാടുകള്‍ പങ്കുവെച്ചിരുന്നു. പുതിയ ട്വീറ്റിന് താഴെ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സൈബര്‍ ആക്രമണവും തുടങ്ങിയിട്ടുണ്ട്.

റുഖയ ഇംഗ്ലീഷില്‍ എഴുതിയ കവിതയുടെ ഏകദേശ രൂപം ഇവിടെ വായിക്കാം.

‘ഇവിടെ എനിക്ക് കൂട്ടുകാര്‍ക്കൊപ്പം ഒരു ടേബിളിലിരുന്ന് ഇഷ്ടാനുസരണം ബീഫും പോര്‍ക്കും മദ്യവും കഴിക്കാനാകും. ഇനി വേണ്ടെങ്കില്‍ ബീഫ് കഴിക്കാതിരിക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട്. ആരോ പറഞ്ഞ പോലെ നിരീശ്വരവാദികള്‍ പോലും ഈ നാടിനെ വിളിക്കുന്നത് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ്.

വ്യത്യസ്ഥതകളുടെ കൂടിച്ചേരല്‍ ഇവിടെ നിങ്ങള്‍ക്ക് കാണാം. മറ്റെവിടത്തേയും പോലെ വിശ്വാസിയും അവിശ്വാസിയും ഒന്നിച്ച് സഹവസിക്കുന്നതും, ‘നിര്‍ബന്ധിത പരിവര്‍ത്തനങ്ങള്‍’ നടക്കുന്നതമായ വിരോധാഭാസങ്ങളും ഇവിടെ കാണാം. ഇവിടെയാണ് മുസ്‌ലിം രക്ഷിതാക്കള്‍ ഹിന്ദു കുട്ടികളെ കല്ല്യാണം കഴിപ്പിക്കുന്നതും, ഹിന്ദു സഹോദരന്‍ മുസല്‍മാന്റെ കടക്ക് സംരക്ഷണമൊരുക്കുന്നതും.

മൂന്നും മുപ്പത്തിരണ്ടായിരവും ഒന്നല്ലെന്ന കണക്ക് ഏറ്റവും നന്നായി അറിയുന്നതും, എന്നാല്‍ മൂന്ന് വോട്ടുകള്‍ മുപ്പത്തിരണ്ടായിരം പോലെ തന്നെ പ്രധാനമാണെന്ന് അറിയുന്നതും ഇവിടത്തുകാര്‍ക്കാണ്. ബുള്ളറ്റുകളേക്കാള്‍ ബാലറ്റ് പെട്ടികള്‍ക്ക് കൂടുതല്‍ കരുത്തുള്ളതും ഇവിടെയാണ്.

കടല്‍ത്തീരം പോലെ വിശാലമായ മനസുള്ളവരും കായലുകളേക്കാള്‍ ആഴമുള്ള മൂല്യബോധമുള്ളവരുമാണ് ഞങ്ങള്‍. പ്രകൃതി ദുരന്തങ്ങളിലും വിജയഭേരികളിലും ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്. സ്വന്തം പ്രവര്‍ത്തികളാല്‍ ഞങ്ങളുടേതായ കഥകള്‍ രചിക്കുന്നവരാണ് ഇവിടുത്തുകാര്‍. പൗരോഹിത്യത്തേക്കാള്‍ ജനാധിപത്യത്തെ തെരഞ്ഞെടുക്കുന്നവരാണ് ഞങ്ങള്‍,’ എന്നിങ്ങനെയാണ് കവിതയുടെ സാരാംശം വരുന്നത്.

അതേസമയം, ഭംഗിയായി അവതരിപ്പിച്ച വെറും സാങ്കല്‍പ്പിക ലോകം മാത്രമാണിതെന്നാണ് ഒരാള്‍ ട്വീറ്റിന് താഴെ കുറിച്ചത്. ബീഫ് കഴിക്കുന്നിടത്തെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെന്ന് വിളിക്കാനാകില്ലെന്നാണ് മറ്റൊരു കമന്റ്.

content hihlights: Shashi tharoor shares another kerala story provokes RSS.