| Monday, 8th May 2023, 6:24 pm

സംഘപരിവാറിന്റെ കള്ളക്കണക്കല്ല, ഇന്ത്യ കാണേണ്ട 'കേരള സ്റ്റോറി' പങ്കുവെച്ച് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്താകെ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കേരളത്തെക്കുറിച്ചുള്ള കള്ളക്കണക്കുകള്‍ പ്രചരിപ്പിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കേരളത്തിന്റെ വികസന സൂചികയിലെ യഥാര്‍ത്ഥ കണക്കുകള്‍ പങ്കുവെച്ചാണ് തരൂര്‍ വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയുന്നത്.

‘ദി അദര്‍ കേരള സ്റ്റോറി’ എന്ന അടിക്കുറിപ്പോടെ കേരളത്തിന്റെ യഥാര്‍ത്ഥ പുരോഗതി വെളിവാക്കുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ദി ക്വിന്റ്’ എന്ന ദേശീയ മാധ്യമം പുറത്തുവിട്ട ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യപുരോഗതിയില്‍ കേരള ജനത വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്.

2020ല്‍ മാത്രം പ്രവാസി മലയാളികള്‍ ഇന്ത്യയിലേക്ക് അയച്ചത് 2.3 ലക്ഷം കോടി രൂപയാണ്. ആ വര്‍ഷം രാജ്യത്തെ മൊത്തം എന്‍.ആര്‍.ഐ വരുമാനത്തിന്റെ 34 ശതമാനത്തോളം വരുമിത്. സമാനമായി ദേശീയ ശരാശരിയേക്കാള്‍ 60 ശതമാനം ഉയര്‍ന്നതാണ് കേരളത്തിലെ പ്രതിദിന വരുമാന നിരക്കെന്നും ‘ദി ക്വിന്റ്’ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് ദാരിദ്ര്യ രേഖക്ക് താഴെയുള്ളത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 22 ശതമാനവും ദരിദ്രരാണെന്നാണ് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം കേരളമാണ്. ജനസംഖ്യയുടെ 96 ശതമാനം പേരും സാക്ഷരരായിരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണിത്. അതേസമയം ദേശീയ ശരാശരി 77 ശതമാനം മാത്രമാണ്.

ശിശുമരണ നിരക്ക് രാജ്യത്ത് ഏറ്റവും കുറവുള്ളതും കേരളത്തില്‍ തന്നെ. കേരളം – 6, അസ്സം – 40, മധ്യപ്രദേശ് – 41, ഉത്തര്‍ പ്രദേശ് – 46 എന്നിങ്ങനെയാണ് കണക്കുകള്‍. യഥാര്‍ത്ഥ കണക്കുകളില്‍ വെള്ളം ചേര്‍ക്കാതിരിക്കുമ്പോള്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്നതാണ് ‘കേരള മോഡല്‍’ എന്നത് വസ്തുതയാണ്.

ഇന്ത്യക്കാര്‍ കാണേണ്ട യഥാര്‍ത്ഥ കേരള സ്റ്റോറി ഏതാണെന്നും അവതാരകന്‍ ലളിതമായി പറഞ്ഞുവെക്കുന്നുണ്ട്. മലയാളികളെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന ട്രെയ്ലറും പേരുമായി അവതരിച്ച ബോളിവുഡ് ചിത്രത്തിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെ സംശയദൃഷ്ടിയോടെ തന്നെയാണ് ദേശീയ മാധ്യമങ്ങളും കാണുന്നത്.

കേരളത്തില്‍ മൂന്ന് ഹിന്ദു സ്ത്രീകള്‍ മതം മാറി ഭീകരസംഘടനയില്‍ ചേര്‍ന്ന സംഭവത്തെ, 32,000 ആക്കി പെരുപ്പിച്ച് കാട്ടി മൂന്നരക്കോടി ജനതയ്ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുകയാണ് ‘കേരള സ്റ്റോറി’ ചെയ്യുന്നത്. കേരളത്തിലെ ഹിന്ദു സ്ത്രീകളുടെ ജീവിതം അരക്ഷിതമാണെന്ന് വരുത്തിത്തീര്‍ത്ത് അയല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാമെന്ന് ചിലര്‍ കണക്കു കൂട്ടുന്നുണ്ടെന്ന വിമര്‍ശനം തുടക്കം മുതലേ ഉയര്‍ന്നിരുന്നു. കേരളത്തെ പുകഴ്ത്തി തരൂര്‍ പങ്കുവെച്ച ഈ വീഡിയോ ഏഴ് മില്ല്യണോളം പേരാണ് ഇതിനോടകം കണ്ടത്.

Content Highlight: Shashi Tharoor shared the ‘Kerala story’ that India needs to see, not fake accounts of the Sangh Parivar

We use cookies to give you the best possible experience. Learn more