ന്യൂദൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഐക്യം ശുഭ സൂചനയാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ.
ചോദ്യത്തിന് കോഴ ആരോപണവും അതിനെ തുടർന്നുള്ള പുറത്താക്കലും മഹുവ മൊയ്ത്രയെ കൂടുതൽ ശക്തയാക്കിയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തോടെ അവർ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശശി തരൂർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കവെയാണ് മഹുവ മൊയ്‌ത്ര ലോക്സഭയിൽ നിന്ന് പുറത്താകുന്നത്.
ബി.ജെ.പിയുടെ കല്യാൺ ചൗഭയെ 60,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് പശ്ചിമബംഗാളിലെ കൃഷ്ണ നഗറിൽ നിന്നാണ് മഹുവ എംപി.യായി തെരഞ്ഞെടുക്കപ്പെട്ടത്.
മഹുവയെ പുറത്താക്കിയതിനു പിന്നാലെ പ്രതിപക്ഷ എം.പിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ലോക്സഭയിൽ തനിക്ക് പ്രവേശനമില്ലെന്ന പ്രസ്താവന മഹുവ വായിക്കുമ്പോൾ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മഹുവയുടെ തൊട്ടുപിന്നിൽ നിന്നു.
ജനാധിപത്യത്തെ ബി.ജെ.പി വഞ്ചിച്ചെന്നും രാജ്യത്ത് എന്തും ചെയ്യാനുള്ള അവകാശം ബി.ജെ.പിക്ക് ഉണ്ടെന്ന ധാരണ നല്ലതല്ലെന്നും മഹുവയെ പിന്തുണച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി പറഞ്ഞു.
മഹുവക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിനെതിരെ ശക്തമായി പ്രതിഷേധിച്ച ഇന്ത്യ സഖ്യത്തെ അഭിനന്ദിക്കുന്നതായും അവരോട് നന്ദി അറിയിക്കുന്നതായും മമത പറഞ്ഞു.
Content Highlight: Shashi Tharoor says Mahua Moitra likely to be back with bigger majority