ന്യൂദല്‍ഹി: റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത് സംബന്ധിച്ചുള്ള കോണ്‍ഗ്രസ് നേതാവ് ശശി തരൂരന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. റിഷി സുനക്കിനെ അഭിനന്ദിക്കുന്നതിനിടെ ഒരു രാജ്യത്തിന്റെ തലപ്പത്തേക്ക് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തി എത്തുക എന്നത് വളരെ അപൂര്‍വമാണെന്നും ഇന്ത്യയില്‍ ഇത് നടക്കുമോയെന്നും തരൂര്‍ ചോദിച്ചു.
‘ലോകത്ത് വളരെ അപൂര്‍വമായി ബ്രിട്ടീഷുകാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എല്ലാവരും അംഗീകരിക്കേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു, ഒരു ന്യൂനപക്ഷ വിഭാഗത്തിലെ അംഗത്തിന് ഏറ്റവും ശക്തമായ സ്ഥാനം നല്‍കി അവര്‍.
നമ്മള്‍ ഇന്ത്യക്കാര്‍ റിഷി സുനക്കിനെ ആഘോഷിക്കുമ്പോള്‍, നമുക്ക് സത്യസന്ധമായി ചോദിക്കാം: അത് ഇവിടെ (ഇന്ത്യയില്‍) നടക്കുമോ?” എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
അതേസമയം, എതിരാളി പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് റിഷി സുനക് പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രീട്ടീഷ് പ്രധാനമന്ത്രിയാണ് റിഷി സുനക്. പുതിയ പ്രധാനമന്ത്രി ഒക്ടോബര്‍ 28നാണ് അധികാരമേല്‍ക്കുക.
ബോറിസ് ജോണ്‍സന്റെയും റിഷി സുനക്കിന്റെയും പേരുകളായിരുന്നു പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത്. മത്സരത്തില്‍ നിന്നും ബോറിസ് പിന്മാറിയതോടെ റിഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള മത്സരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ബോറിസ് ജോണ്‍സണ്‍ രാജി വെച്ച ഒഴിവിലേക്കായിരുന്നു ലിസ് ട്രസ് എത്തിയിരുന്നത്.
എന്നാല്‍ ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു വെറും 45 ദിവസം അധികാരത്തിലിരുന്ന ശേഷം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസ് മടങ്ങിയത്.
Content Highlight: Shashi Tharoor Says Indians celebrate Rashi Sunak, can a minority come to power here?