ന്യൂദല്‍ഹി: ജി20 ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ അടയാളമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ജി20 ഉച്ചകോടിക്ക് മുമ്പ് യാതൊരു വിധത്തിലുള്ള കരാറുകളും ഉണ്ടാകില്ല എന്നായിരുന്നു പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ സംയുക്ത പ്രസ്താവന ഉണ്ടായിരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സംയുക്ത പ്രസ്താവന ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഇത് വളരെ മികച്ച നേട്ടമാണ് കാരണം ജി20 ഉച്ചകോടിക്ക് മുമ്പ് വരെ ഒരു തരത്തിലുള്ള കരാറും ഉണ്ടാകില്ല എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഒരു സംയുക്ത പ്രസ്താവനയും ഉണ്ടാകില്ലെന്നും കരുതിയിരുന്നു. ചെയര്‍മാന്റെ ഉപസംഹാരം കൊണ്ട് എല്ലാം അവസാനിപ്പിക്കേണ്ടിവന്നേനെ,’ തരൂര്‍ പറഞ്ഞു.
ജി20 ഉച്ചകോടി പ്രഖ്യാപനത്തില്‍ സമവായമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജി20യിലെ എല്ലാ സെഷനുകളും നയിച്ച നരേന്ദ്ര മോദി എല്ലാ അംഗങ്ങള്‍ക്കിടയിലും സമവായത്തിലെത്തുന്നതിനായി പ്രവര്‍ത്തിച്ച മന്ത്രിമാരെയും ഷേര്‍പ്പകളെയും അഭിനന്ദിച്ചിരുന്നു.
ജ20യില്‍ സഖ്യരാജ്യങ്ങളെ സമവായത്തിലെത്തിച്ചതിന് തരൂര്‍ ഇന്ത്യയെ പ്രശംസിച്ചു.
‘ഉക്രെയ്‌നിലെ റഷ്യന്‍ യുദ്ധത്തെ അപലപിക്കണമെന്ന് ആഗ്രഹിക്കുന്നവരും റഷ്യയും ചൈനയും വിഷയത്തെ കുറിച്ച് ഒരു പരാമര്‍ശവും നടത്താന്‍ ആഗ്രഹിക്കാത്തവരും തമ്മിലുള്ള വലിയ അന്തരമായിരുന്നു സമവായത്തിലെത്താതിരിക്കാന്‍ ഉണ്ടായിരുന്ന പ്രധാന കാരണം.
ആ വിടവ് ഇല്ലാതാക്കാനുള്ള ഒരു ഫോര്‍മുല കണ്ടെത്താനാണ് ഇന്ത്യക്ക് സാധിച്ചത്. ഇതൊരു സുപ്രധാനമായ നയതന്ത്ര നേട്ടമാണ്. കാരണം ഒരു ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന ഇല്ലാതിരിക്കുന്നത് ചെയര്‍മാന്റെ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുക,’ തരൂര്‍ പറഞ്ഞു.
ഈ ചര്‍ച്ച ഓരോ ആളുകളുടെയും ജി20യാക്കി മാറ്റാന്‍ നമുക്ക് സാധിച്ചെന്നും എന്നാല്‍ ഇത് ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.
‘മുന്‍ ജി20 പ്രസിഡന്റുമാര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കാത്തത് ചെയ്യാന്‍ സാധിച്ചു എന്നതാണ് ഈ ഉച്ചകോടിയുടെ പ്രധാന നേട്ടം. ഇത് രാജ്യവ്യാപകമായ ഒരു പരിപാടിയാക്കി അവര്‍ മാറ്റി. 58 നഗരങ്ങളിലായി 200 മീറ്റിങ്ങുകള്‍ അവര്‍ നടത്തി. വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത്. ഇത് ആളുകളുടെ ജി20യാക്കി മാറ്റി.
പൊതുപരിപാടികള്‍, സര്‍വകലാശാലകളുമായി ബന്ധപ്പെടുത്തിയുള്ള പരിപാടികള്‍, സിവില്‍ സൊസൈറ്റികള്‍ ഇതെല്ലാം തന്നെ നമ്മുടെ പ്രസിഡന്‍സിയുടെ കീഴിലാണ് നടന്നിരിക്കുന്നത്. ജി20യുടെ സന്ദേശം മുഴുവന്‍ ആളുകളിലേക്കും എത്തിച്ചതിന് ഒരു തരത്തില്‍ അത് ഇന്ത്യക്കുള്ള ക്രെഡിറ്റാണ്. എന്നാല്‍ ജി20യെ അവര്‍ക്ക് അനുകൂലമാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമം കൂടിയായിരുന്നു ഇത്,’ തരൂര്‍ കൂട്ടിച്ചേചേര്‍ത്തു.
അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജി20യുടെ അധ്യക്ഷ പദവി ഇന്ത്യ, ബ്രസീലിന് കൈമാറി. ഉച്ചകോടിയുടെ സമാപന സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ആചാരപരമായ ചുറ്റിക രൂപത്തിലുള്ള ലഘുദണ്ഡ് (ഗാവല്‍) ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ഏറ്റുവാങ്ങി. ഡിസംബര്‍ ഒന്നിനാണ് ബ്രസീല്‍ ജി20യുടെ അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നത്.
ഊഴമനുസരിച്ച് അടുത്ത ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 2024 നവംബറിലാണ് നടക്കുക. തങ്ങള്‍ ആതിഥ്യം വഹിക്കുന്ന ഉച്ചകോടിയില്‍ ഉക്രെയ്ന്‍ വിഷയമാകില്ലെന്ന് വ്യക്തമാക്കിയ ലുല ദാരിദ്ര്യത്തിനെതിരെയുള്ള അന്താരാഷ്ട്ര സഖ്യവും കാലാവസ്ഥാ വ്യതിയാനവും മുഖ്യ അജണ്ടയാകുമെന്നും പ്രഖ്യാപിച്ചു.
‘നീതിയുക്തമായ ലോക നിര്‍മിതി, സുസ്ഥിരമായ ഭൂമി’ എന്നതാകും റിയോ സമ്മേളനത്തിന്റെ സന്ദേശം. ആഗോള ദാരിദ്ര്യത്തിന് 2030ല്‍ അന്ത്യം കുറിക്കാന്‍ രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനം ഇരട്ടിയാക്കണമെന്നും ലുല ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് വകവയ്ക്കാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ലുല വ്യക്തമാക്കി
Content Highlight: Shahsi Taroor says G20 is India’s diplomatic triumph