ന്യൂദല്‍ഹി: കേരളത്തില്‍ ജാതിയുടെ പേരിലുള്ള ഗുരുതരമായ വിവേചനങ്ങള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്ന് ശശി തരൂര്‍ എം.പി. എന്നാല്‍ ഉത്തരേന്ത്യയില്‍ സാമൂഹ്യനീതിക്കായുള്ള പോരാട്ടം ഇനിയും ജയിക്കാനുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുമായി മലയാള മനോരമയ്ക്ക് വേണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് ശശി തരൂര്‍ ജാതിവിവേചനത്തെ കുറിച്ച് സംസാരിച്ചത്.
കുട്ടിക്കാലത്ത് മുംബൈയില്‍ ജീവിച്ചിരുന്ന സമയത്ത് വീട്ടില്‍ കളിക്കാന്‍ വന്നിരുന്ന കുട്ടികളുടെ ജാതിയെയോ മതത്തെയോപറ്റി തന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ പോലും തന്നോട് പറഞ്ഞിട്ടില്ല. കൂട്ടുകാരന്‍ തടിയനാണ്, പണക്കാരനാണ്, ബുദ്ധിമാനാണ് എന്നിങ്ങനെയാണ് അന്നത്തെ കുട്ടികള്‍ ചിന്തിച്ചിരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
‘കൂട്ടുകാരന്‍ മുസ്‌ലിമാണെന്നോ ക്രിസ്ത്യാനിയാണെന്നോ സിഖുകാരനാണെന്നോ ആരും ചിന്തിച്ചിരുന്നില്ല. സാമുദായിക ഐക്യത്തെ പ്രോത്സാഹിപ്പിച്ച ‘അമര്‍ അക്ബര്‍ അന്തോണി’ പോലുള്ള സിനിമകളില്‍ ആനന്ദം കണ്ടത്തിയിരുന്നവരായിരുന്നു അന്നുള്ളവര്‍.
നിര്‍ഭാഗ്യവശാല്‍ മതമുള്‍പ്പെടെ ആളുകളെ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ ഇന്നു പ്രാധാന്യം നേടി. തെരഞ്ഞെടുപ്പില്‍ വോട്ടുപോലും അതിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെടുന്നു,’ ശശി തരൂര്‍ പറഞ്ഞു.
ഇതുപോലെയൊരു കുട്ടിക്കാലമായിരുന്നു തനിക്കുമുണ്ടായിരുന്നതെന്നാണ് ശശി തരൂരിന്റെ വാക്കുകള്‍ക്ക് മറുപടിയായി മഹുവ പറഞ്ഞത്.
അന്ന് കൂട്ടുകാരുടെ മതത്തെപറ്റി ചിന്തിക്കാത്ത കാലമായിരുന്നു. എന്നാല്‍ ‘ഉയര്‍ന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളയാളായതുകൊണ്ടാണ് തനിക്ക് മതത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലാത്തത്. ഒരു മുസ്‌ലിമിനോടോ ദളിതനോടോ അവന്റെ അവസ്ഥയെന്താണെന്ന് ചോദിക്കൂ’ എന്ന് ഒരാള്‍ തന്നോട് ഒരിക്കല്‍ പറഞ്ഞുവെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സാമ്പത്തികരംഗം ഇപ്പോള്‍ നേരിടുന്ന തകര്‍ച്ചയെ കുറിച്ചും 1991ലെ ഉദാരവത്കരണമുണ്ടാക്കിയ നേട്ടങ്ങളെ കുറിച്ചും ശശി തരൂര്‍ സംഭാഷണത്തില്‍ സംസാരിക്കുന്നുണ്ട്.
‘മൂന്ന് ദശലക്ഷം ഡോളര്‍ സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് നാം ഏറെക്കുറെ അടുത്തെത്തിയതാണ്. പക്ഷേ, നോട്ടുനിരോധനവും കൊവിഡുമാണ് തിരിച്ചടിയായത്. ആ ലക്ഷ്യം ഇപ്പോഴും പ്രാപ്യമാണ്. എന്നാല്‍ 2024നകം 5 ദശലക്ഷം ഡോളര്‍ സമ്പദ്ഘടനയായി വളരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുക ഏറെക്കുറെ അസാധ്യമാണ്,’ ശശി തരൂര്‍ പറയുന്നു.
രാജ്യത്ത് കോടിപതികളുടെ സമ്പത്ത് കൊവിഡ് കാലത്ത് ഗണ്യമായി ഉയര്‍ന്നു. മറുഭാഗത്ത് വലിയൊരു വിഭാഗത്തിനു ജോലിയും വരുമാനവും നഷ്ടമായി. രാജ്യത്തെ 25% ആളുകള്‍ വലിയ ദുരിതം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സാമ്പത്തികമേഖലയില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് 1991ലെ ഉദാരവല്‍ക്കരണം. പക്ഷേ 30 വര്‍ഷം മുന്‍പുണ്ടാക്കിയ നേട്ടങ്ങള്‍ പറഞ്ഞിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആ നേട്ടം അടിസ്ഥാനമാക്കി മുന്നോട്ടു നീങ്ങാനുള്ള വഴികള്‍ തേടേണ്ടതുണ്ടെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ലിബറലൈസേഷന്‍ പ്ലസ് ആണ് നമുക്ക് വേണ്ടതെന്നും പ്ലസ് എന്നത് സാമൂഹിക നീതിയാണെന്നും അദ്ദേഹം പറഞ്ഞു.