ഇന്ത്യ -പാക് ക്രിക്കറ്റ് കളിയുണ്ട് മോദിയുടെ സത്യപ്രതിജ്ഞക്ക് പോകില്ല: ശശി തരൂർ
Kerala
ഇന്ത്യ -പാക് ക്രിക്കറ്റ് കളിയുണ്ട് മോദിയുടെ സത്യപ്രതിജ്ഞക്ക് പോകില്ല: ശശി തരൂർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 12:22 pm

തിരുവനന്തപുരം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പോകില്ലെന്നും ആ സമയത്ത് വീട്ടിലിരുന്ന് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മാച്ച് കാണുമെന്നും ശശി തരൂർ. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശികളടക്കം നിരവധി നേതാക്കൾക്ക് ക്ഷണമുണ്ട്. എന്നാൽ ഇന്ത്യയിലെ പല പ്രധാന നേതാക്കളെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. പല കോൺഗ്രസ് നേതാക്കൾക്കും ക്ഷണം ലഭിച്ചിട്ടില്ല. ഇതിനെതിരെ വിമർശനവുമായാണ് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്.

‘അയൽ രാജ്യങ്ങളെ ക്ഷണിക്കുന്നത് നല്ല പാരമ്പര്യമാണ്. എന്നാൽ ഒരു അയൽ രാജ്യം മോദി വിട്ടു പോയി. പാകിസ്ഥാൻ, അദ്ദേഹം പാകിസ്ഥാനെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണ് ഇത് നൽകുന്നത് മറ്റൊരു സൂചനയാണ്,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം മോദി തന്നെയും ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നും അതിനാൽ തന്നെ താൻ പോകുന്നില്ല എന്നും ആ ദിവസം ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് കാണാനിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്ത്യയും മാലിയുമായി വിവാദങ്ങൾ നടക്കുന്നതിനിടയിലും മാലിദ്വീപ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചടങ്ങിന് വരുന്നത് അനുകൂല സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. മോദിയും മാലിദ്വീപ് പ്രസിഡന്റും തമ്മിൽ ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു വിഭാഗങ്ങൾക്കും കൂടിക്കാഴ്ച ഗുണകരമാകുമെന്നും താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകീട്ട് 7:15 നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോഗായ് എന്നവരാണ് ചടങ്ങിനെത്തുന്ന വിദേശ അതിഥികൾ.

മൂന്നാമത് അധികാരത്തിലെത്തിയെങ്കിലും ഇത്തവണ ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം നേടാൻ സാധിക്കാത്തത് പരിപാടിയുടെ ആവേശം കുറക്കുന്നുണ്ട്. കഴിഞ്ഞ തവണ 300ൽ അധികം സീറ്റുകൾ ബി.ജെ.പി ഒറ്റക്ക് നേടിയിരുന്നു. എന്നാൽ ഇത്തവണ 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷികളുടെ സഹായത്തോടുകൂടിയാണ് ഇത്തവണ സർക്കാർ രൂപീകരിക്കുന്നത്.

Content Highlight: Shashi tharoor said he wont go for the swearing in ceremony