| Thursday, 30th July 2015, 12:59 pm

മേമന്റെ ശിക്ഷ വേദനിപ്പിക്കുന്നു, വധശിക്ഷ ഭീകരാക്രമണം തടയില്ലെന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെതിരെ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. യാക്കൂബിനെ വധിച്ചെന്ന വാര്‍ത്തകേട്ട് ദു:ഖം തോന്നിയെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഭീകര പ്രവര്‍ത്തന കേസുകളിലെ പ്രതികളെ തൂക്കിലേറ്റിയതുകൊണ്ട് ഒരിടത്തും പിന്നീട് ഭീകരാക്രമണം ഉണ്ടാവാതിരുന്നിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.


“നമ്മുടെ സര്‍ക്കാര്‍ ഒരു മനുഷ്യജീവിയെ തൂക്കിലേറ്റിയെന്ന വാര്‍ത്ത ദു:ഖിപ്പിക്കുന്നു.” എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

“വധശിക്ഷ ഭീകരാക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ആയുധമാണെന്നതിനു ഒരു തെളിവുമില്ല. ഇതിനു വിരുദ്ധമാണ് കാര്യങ്ങള്‍. ആക്രമങ്ങള്‍ വര്‍ധിക്കാനേ ഇതെല്ലാം സഹായിക്കും.” തരൂര്‍ വ്യക്തമാക്കി.

അതേസമയം തീവ്രവാദത്തിനെതിരെ ശക്തമായി നിലകൊളളണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ക്രൂരമായ വധശിക്ഷ ഒരിക്കലും ഒരിടത്തും തീവ്രവാദ ആക്രമണങ്ങളെ തടയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മേമനെതിരെയുള്ള കേസിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അതെല്ലാം സുപ്രീം കോടതി തീരുമാനിച്ചതാണ്. വധശിക്ഷയെന്ന ശിക്ഷയും അത് നടപ്പിലാക്കലുമാണ് ഇവിടെ പ്രശ്‌നമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ വധശിക്ഷ വേണ്ടെന്നു പറയണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവ് ഡി.രാജയും രംഗത്തുവന്നിട്ടുണ്ട്. രാജ്യസഭയില്‍ ഇതുസംബന്ധിച്ച് പ്രമേയം കൊണ്ടുവരുമെന്നും ജൂലൈ 31ന് ഇതു ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more