| Monday, 29th November 2021, 3:24 pm

വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍.

സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനുമാണ് വിവാദമായത്.

”ലോക്സഭ പ്രവര്‍ത്തിക്കാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് ആരാണ് പറഞ്ഞത്? ഇന്ന് രാവിലെ എന്റെ ആറ് സഹ എം.പിമാരോടൊപ്പം,” എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
എന്നാല്‍ ഇതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു.

ഇയാള്‍ക്കെന്താ പുരുഷ എം.പിമാരെയൊന്നും കണ്ണില്‍ കാണുന്നില്ലേ, ഇതൊന്നും അത്ര ശരിയല്ല, ഇയാള് ഒരുകാലത്തും നന്നാകാന്‍ പോകുന്നില്ല, പോയി കര്‍ഷക ബില്ല് ചര്‍ച്ച ചെയ്യൂ, ഇതൊക്കെ കൊണ്ടാണ് കോണ്‍ഗ്രസിനെ ആളുകള്‍ ഗൗരവത്തില്‍ അംഗീകരിക്കാത്തത് തുടങ്ങി ഒട്ടനവധി കമന്റുകളാണ് വന്നത്.

ഇതിന് പിന്നാലെയാണ് തരൂര്‍ വിശദീകരണവുമായി എത്തിയത്.

എം.പിമാരുടെ മുന്‍കയ്യോടെ, നല്ല നര്‍മ്മത്തില്‍ എടുത്ത സെല്‍ഫിയാണ് താന്‍ ട്വീറ്റ് ചെയ്തതെന്നും ആ ഫോട്ടോ ട്വീറ്റ് ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടത് എം.പിമാര്‍ തന്നെയാണെന്നും ശശി തരൂര്‍ പറഞ്ഞു.

ഇത് ചില ആളുകള്‍ക്ക് ദേഷ്യം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണമെന്നും എന്നാല്‍ ജോലിസ്ഥലത്തെ സൗഹൃദത്തിന്റെ ഈ പ്രകടനത്തില്‍ പങ്കാളിയായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇത്രയേ ഉള്ളൂ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Shashi Tharoor’s tweet With Female Mp’s, controversy

We use cookies to give you the best possible experience. Learn more