താങ്കളുടെ പെട്ടെന്നുള്ള പ്രഖ്യാപനം രാജ്യത്ത് സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമോ എന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്; മോദിയോട് തരൂര്‍
national news
താങ്കളുടെ പെട്ടെന്നുള്ള പ്രഖ്യാപനം രാജ്യത്ത് സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമോ എന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്; മോദിയോട് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd March 2020, 11:13 am

ന്യൂദല്‍ഹി: വിദ്വേഷം പ്രചരിപ്പിക്കാന്‍ മാത്രമല്ല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ടതെന്ന് ശശിതരൂര്‍ എം.പി. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട്‌നില്‍ക്കാന്‍ ആലോചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് ശശിതരൂരിന്റെ പ്രതികരണം. മോദിയുടെ പ്രഖ്യാപനം ജനങ്ങളെ ആശങ്കയിലാക്കിയെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

രാജ്യത്ത് ഒന്നാകെ ഇനി സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നൊരുക്കമാണോ മോദിയുടെ ഈ തീരുമാനമെന്ന ആശങ്ക മൊത്തത്തില്‍ ഉണ്ടായെന്നും തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു.

” ഇന്ത്യയില്‍ മുഴുവന്‍ ഈ സേവനങ്ങള്‍ നിരോധിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണോ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനമെന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. നല്ലതും ഗുണകരവും ഉപയോഗപ്രദവുമായ സന്ദേശങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കാവുന്നതാണ്. വിദ്വേഷം പ്രചരിപ്പിക്കാന്‍ മാത്രമുള്ളതല്ല അത്,” തരൂര്‍ ട്വീറ്റ് ചെയ്തു.

ഈ വരുന്ന ഞായറാഴ്ച മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് മോദി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗന്ധിയും അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തത്തെിയിരുന്നു.

എന്നാല്‍ താങ്കള്‍ ‘വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്നും അല്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല’ എന്നുമായിരുന്നി ഇതിനോടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

” രാജ്യത്ത് ആളിക്കത്തുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാവുള്ള മോദിജിയുടെ അടവാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മാറി നില്‍ക്കല്‍” എന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ