ന്യൂദല്‍ഹി: ഗണേശ(ഗണപതി)ന്റെ തലവെട്ടി, ആനത്തല ഉപയോഗിച്ചാണ്
ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി എന്ന് പ്രധാനമന്ത്രി പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറയുന്ന വീഡിയോ ശ്രദ്ധനേടുന്നു. ചിന്താശേഷി കുറഞ്ഞ ആനയുടെ തലയും ചിന്താശേഷി കൂടിയ മനുഷ്യന്റെ തലയും എങ്ങനെയാണ് ഒരുമിക്കുകയെന്നാണ് തരൂര്‍ ചോദിക്കുന്നത്. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ അഭിപ്രായ പ്രകടനം.
ശാസ്ത്രം- മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ബി.ജെ.പിയും എന്‍.എസ്.എസും പരസ്യപ്രതിഷേധം നടത്തുകയും, ഷംസീര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ
അഭിപ്രായവും പുറത്തുവന്നതിനിടയിലാണ് തരൂരിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. തെളിവുകളില്ലാതെ ലോകത്ത് പറക്കുന്നതൊക്കെ പുഷ്പക വിമാനമാണെന്നത് എങ്ങനെ പറയാനാകുമെന്നും തരൂര്‍ ചോദിക്കുന്നു.
‘ഗണേശ(ഗണപതി)ന്റെ തലവെട്ടി, ആനത്തല വെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി എന്നാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ഒന്ന് ചിന്തിച്ച് നേക്കു, ഏറ്റവും ചിന്താശേഷി കുറഞ്ഞ ആനയുടെ തലയും ചിന്താശേഷി കൂടിയ മനുഷ്യന്റെ തലയും ഒന്നിച്ചുചേരുമെന്ന് നിങ്ങള്‍ കരുതുന്നുവോ, അത് സാധ്യമാണോ, ഇല്ല ഒരിക്കലും അങ്ങനെ സംഭവിക്കില്ല.
സത്യത്തില്‍ പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചത് ഇന്ത്യയില്‍ നിന്നാണ്. അതുപോലെ പ്ലാസ്റ്റിക് സര്‍ജറി എങ്ങനെ നടന്നുവെന്നത് കൃത്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ശുശ്രുതനാണ് സര്‍ജറിയുടെ പിതാവായി പറയപ്പെടുന്നത്. ശുശ്രുതന്റെ നേതൃത്വത്തില്‍ റൈനോപ്ലാസ്റ്റി ഓപ്പറേഷന്‍ ഇവിടെ നടന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ശരിക്കും നമ്മള്‍ നേരത്തെ പറഞ്ഞതുപോലുള്ള കാര്യങ്ങള്‍ പറഞ്ഞ്, ശാസ്ത്രത്തിലെ ശരിയായ നേട്ടങ്ങളെ ഡിസ്‌ക്രെഡിറ്റ് ചെയ്യുകയാണ്. ജനുവിനായ നേട്ടങ്ങള്‍ക്ക് കൃത്യമായ ഉദാഹരങ്ങള്‍ ആവശ്യമാണ്. അല്ലാതെ ലോകത്ത് പറക്കുന്നതൊക്കെ പുഷ്പക വിമാനമാണെന്നത് നമുക്ക് ഒരു തെളിവുമില്ലാതെ എങ്ങനെ പറയാനാകും,’ എന്നാണ് ശശി തരൂര്‍ പറയുന്നത്.
അതേസമയം, സ്പിക്കര്‍ എ.എന്‍. ഷംസീറിന്റെ പരമാര്‍ശത്തിലുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും വര്‍ഗീയവാദികള്‍ക്ക് വടികൊടുക്കുന്ന സമീപനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സതീശന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് മുറിവേറ്റിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ വിഷയത്തില്‍ പരസ്യ പ്രതിഷേധത്തിനിറങ്ങയിരിക്കുകയാണ് എന്‍.എസ്.എസും ബി.ജെ.പിയും. ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു. വിഷയത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പിയുമായുള്ള സഹകരണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.