ന്യൂദല്‍ഹി: നരേന്ദ്ര മോദിയെ ടെലിവിഷന്‍ സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മോദിയുമായി ചര്‍ച്ചക്ക് തയാറാണെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇതിന് മറുപടിയായാണ് ഇപ്പോള്‍ ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളെ ട്രോളിക്കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇന്ത്യയില്‍ ടി.വി ചര്‍ച്ചകളിലൂടെ ഒരു പ്രശ്‌നവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ തരൂര്‍, റേറ്റിങിന് വേണ്ടി മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിടാനും ഇവിടത്തെ ടി.വി അവതാരകര്‍ റെഡിയാണെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ത്യയില്‍ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ ഒരു പ്രശ്‌നവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല, കൂടുതല്‍ വഷളായിട്ടേ ഉള്ളൂ. അവരുടെ ടി.ആര്‍.പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) വര്‍ധിക്കും എന്നുണ്ടെങ്കില്‍ മൂന്നാമതൊരു ലോകമഹായുദ്ധത്തിന് തിരികൊളുത്താനും ഇവിടത്തെ ചില അവതാരകര്‍ക്ക് സന്തോഷമേ ഉണ്ടാവൂ,” തരൂര്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചതായുള്ള വിവരം പുറത്തുവന്നിട്ടില്ല.
കഴിഞ്ഞദിവസമായിരുന്നു നരേന്ദ്ര മോദിക്കൊപ്പം ഒരു ടെലിവിഷന്‍ സംവാദത്തിന് തയാറാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന.
രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള അഭിപ്രായഭിന്നതകളും മറ്റ് പ്രശ്നങ്ങളും പരിഹരിക്കാന്‍ മോദിയുമായി സംവാദത്തിന് തയാറാണെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ചൊവ്വാഴ്ച പറഞ്ഞത്.
‘ടെലിവിഷനില്‍ മോദിക്കൊപ്പം ഒരു സംവാദത്തിലേര്‍പ്പെടാന്‍ സാധിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു,” എന്നായിരുന്നു റഷ്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
സംവാദത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു ബില്യണിലധികം വരുന്ന ജനങ്ങള്‍ക്ക് ഉപകാരമായി മാറുമെന്നും ഖാന്‍ പറഞ്ഞിരുന്നു.
രണ്ട് ദിവസത്തെ റഷ്യ സന്ദര്‍ശനത്തിനിടെയായിരുന്നു ഖാന്റെ പ്രതികരണം. മോസ്‌കോയിലെത്തിയ ഖാന്‍ വൈകാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും.
രണ്ട് പതിറ്റാണ്ടിനിടയില്‍ റഷ്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. ഉക്രൈന്‍ വിഷയം കത്തിനില്‍ക്കെയാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
Content Highlight: Shashi Tharoor’s reply tweet on Imran Khan’s “TV Debate Challenge” to PM Narendra Modi