| Monday, 18th January 2021, 1:00 pm

അര്‍ണബിന്റെ ചാറ്റ് വെളിപ്പെടുത്തുന്ന അപലപനീയമായ മൂന്ന് കാര്യങ്ങള്‍; അക്കമിട്ട് പറഞ്ഞ് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

അര്‍ണബിന്റെ ചാറ്റ് അപലപനീയമായ മൂന്ന് കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നതെന്ന് തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുക എന്നും തരൂര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  അദ്ദേഹത്തിന്റെ പ്രതികരണം.

”ഇപ്പോള്‍ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) ‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മള്‍ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?” അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.

അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

പുല്‍വാമ ആക്രമണത്തില്‍ വലിയ ആഹ്ലാദപ്രകടനം നടത്തുന്ന റിപ്പബ്ലിക്ക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shashi Tharoor’s Fb Post About Arnab Goswami’s leaked Whatsapp chat

Latest Stories

We use cookies to give you the best possible experience. Learn more