| Tuesday, 15th September 2020, 1:58 pm

'രാജ്യത്താകെ വളര്‍ന്നത് ഈ താടി മാത്രം'; മോദിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ 18 ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനം നടക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ലുക്കും ചര്‍ച്ചയായിരുന്നു. മോദിയുടെ പുതിയ രൂപമാറ്റത്തെ അടിസ്ഥാനമാക്കി വരച്ച ഒരു കാര്‍ട്ടൂണ്‍ പങ്കുവെച്ച് അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍ എം.പി.

രാജ്യത്ത് പ്രകടമായി കണ്ട വളര്‍ച്ച മോദിയുടെ താടി മാത്രമാണെന്ന് പറയുന്നതായിരുന്നു കാര്‍ട്ടുണ്‍. ഇതു പങ്കുവെച്ച ശശി തരൂര്‍ സത്യമായ കാര്യമാണ് കാര്‍ട്ടൂണ്‍ വരച്ചുകാട്ടുന്നതെന്ന് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

രാജ്യത്ത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്. ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ഇടിഞ്ഞതും, സാമ്പത്തിക മാന്ദ്യവും പാര്‍ലമെന്റില്‍ ചര്‍ച്ചയായിരുന്നു. തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നു.

പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയോട് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു.

നിങ്ങള്‍ ഇവിടെ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണം. മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്.അതില്‍ ഒന്ന് കൊവിഡിനെ കുറിച്ചാണ്. മറ്റൊന്ന് സാമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ കുറിച്ചാണ്. മറ്റൊന്ന് ചൈനയെ കുറിച്ചാണ് എന്നായിരുന്നു ജയ്റാം രമേശ് പ്രതികരിച്ചത്.

ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു ജയ്റാം രമേശ് നിലപാട് അറിയിച്ചത്. കോണ്‍ഗ്രസ് എം.പി അധിര്‍ രജ്ഞന്‍ ചൗധരിയും കെ. സുരേഷുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Higlight: Shashi Tharoor’s comment on modi’s new look at parliament

We use cookies to give you the best possible experience. Learn more