നിങ്ങളുടെ കണ്ണിലെ കണ്ണുനീര്‍, കാലിലെ പൊട്ടല്‍, ഇതെല്ലാം ഓര്‍ക്കുന്നില്ലേ; വോട്ടര്‍മാരോട് ശശി തരൂര്‍
India
നിങ്ങളുടെ കണ്ണിലെ കണ്ണുനീര്‍, കാലിലെ പൊട്ടല്‍, ഇതെല്ലാം ഓര്‍ക്കുന്നില്ലേ; വോട്ടര്‍മാരോട് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 2:59 pm

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് വോട്ടര്‍മാര്‍ക്കു മുന്‍പില്‍ ചില ഓര്‍മ്മപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.

നിങ്ങളുടെ കണ്ണുകളിലൂടെ ഒഴുകിയ കണ്ണുനീരും, കാലുകളിലുണ്ടായ പൊട്ടലും ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു വോട്ടര്‍മാരോടുള്ള തരൂരിന്റെ ചോദ്യം.

അപ്രതീക്ഷിതമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതമനുഭവിച്ച ലക്ഷക്കണക്കിന് മനുഷ്യരെക്കുറിച്ചായിരുന്നു തരൂര്‍ ട്വീറ്റില്‍ പറഞ്ഞത്. പിഞ്ചുകുഞ്ഞുങ്ങളേയും പ്രായമായവരേയും കൊണ്ട് കിലോമീറ്ററുകളോളം നടക്കുന്ന ആളുകളുടെ ചിത്രം കൂടി പങ്കുവെച്ചായിരുന്നു തരൂര്‍ രംഗത്തെത്തിയത്.

ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ ഇല്ലാതായതോടെ വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായും മറ്റും സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തലാക്കുകയും രാജ്യം പൂര്‍ണമായും അടച്ചിടുകയും ചെയ്തതോടെയാണ് ജീവിക്കാന്‍ മുന്നോട്ടു വഴികാണാതിരുന്ന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വന്നത്. എന്നാല്‍ ഇവര്‍ക്ക് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാനുള്ള ബദല്‍ സംവിധാനങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല.

റോഡ് മാര്‍ഗവും ഇടറൂട്ടുകളിലൂടെയും റെയില്‍വേ ട്രാക്കുകളിലൂടെയുമൊക്കെ ചെറിയ സംഘങ്ങളായിട്ടായിരുന്നു പലരും യാത്ര ചെയ്തത്. ഇതിനിടെ ഔറംഗാബാദിലേക്കുള്ള യാത്രാ മധ്യേ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിപ്പോയ 20 ഓളം വരുന്ന തൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറി കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കം 15ഓളം പേര്‍ കൊല്ലപ്പെട്ട സംഭവവും സമൂഹമനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു.

ലോക്ക് ഡൗണ്‍ കാരണം രാജ്യമൊട്ടാകെ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളുടെ കഷ്ടതകള്‍ ആയിരുന്നു തുടര്‍ന്നങ്ങോട്ടുള്ള ഓരോ ദിവസവും രാജ്യം കണ്ടത്. ജോലിയോ ഭക്ഷണമോ ഇല്ലാതെ നാട്ടിലേക്ക് തിരികെ പോകുന്നതിന് അവര്‍ സഹിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് രാജ്യം സാക്ഷിയായിരുന്നു. സ്വന്തം നാടുകളില്‍ എത്തിച്ചേരാന്‍ ഗതാഗത സൗകര്യമൊരുക്കണമെന്ന ഇവരുടെ ആവശ്യമൊന്നും ആ ഘട്ടത്തില്‍ കേന്ദ്രം ചെവിക്കൊണ്ടിരുന്നില്ല. ഒട്ടും ആലോചനയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരെ വലിയ വിമര്‍ശനവും ആ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു.

ഇതൊന്നും വോട്ടുചെയ്യാന്‍ പോകുന്ന ഒരാളും മറക്കരുതെന്നാണ് തരൂര്‍ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highligth: Shashi Tharoor reminds voters of migrant crisis during COVID-19 lockdown