| Thursday, 12th January 2023, 1:21 pm

കേരളം എന്റെ കര്‍മഭൂമി, ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്‌മെന്റ് എടുത്ത് കണ്ടതല്ല: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്‌മെന്റ് എടുത്ത് കണ്ടതല്ലെന്ന് ശശി തരൂര്‍ എം.പി. കാണണമെന്ന് അവർ ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണെന്നും, എല്ലാ സമുദായ നേതാക്കളോടും ബഹുമാനമാണെന്നും തരൂര്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ലൈന്നും, കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായ നേതാക്കളെ മാത്രമല്ല താന്‍ മറ്റ് നിരവധി ആളുകളെ കാണാറുണ്ടെന്നും എന്നാല്‍ അതൊന്നും വാര്‍ത്തയാകാറില്ലെന്നും തരൂര്‍ പറഞ്ഞു.

നേരത്തെയും നേതാക്കളെ കാണാറുള്ളതാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം മറ്റൊരു രീതിയിലാണ് തന്നെ കാണുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘കേരളം എന്റെ കര്‍മഭൂമിയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ നേതാക്കളെ കാണാതിരിക്കാന്‍ സാധിക്കില്ല. ഒരു എം.പി എന്ന നിലയില്‍ എല്ലാവരെയും കാണണം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് 2026 വരെ സമയമുണ്ട്.

ഇപ്പോള്‍ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പുകളുണ്ട്. അതിനായി തയ്യാറെടുക്കണം,’ ശശി തരൂര്‍ പ്രതികരിച്ചു.

കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു.

നേതാക്കള്‍ക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ചില രീതികളുണ്ടെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

അതിനിടെ, ശശി തരൂരിന്റെ സന്ദര്‍ശനങ്ങളില്‍ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

തരൂരിന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ല. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യത്തില്‍ ഇന്നുവരെ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കാര്യത്തില്‍ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlight: Shashi tharoor reacts to visit Community leaders

We use cookies to give you the best possible experience. Learn more