ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും പദ സമ്പത്തും കൊണ്ട് പല തവണ വാര്‍ത്തയായ വ്യക്തിയാണ് എം.പി ശശി തരൂര്‍. പുതിയ മറ്റൊരു വാക്കുകൊണ്ട് ആളുകളെ കുഴപ്പിച്ചിരിക്കുകയാണ് തരൂരിപ്പോള്‍.
തരൂരിന്റെ ഇഗ്ലീഷ് പാണ്ഡിത്യത്തെ തമാശ രൂപേണ അനുകരിച്ച മിമിക്രി കലാകാരിയും കൊമേഡിയനുമായ നസ്മ ആബിയെ അഭിനന്ദിച്ച ട്വീറ്റിലാണ് തരൂര്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളെടുത്ത് അമ്മാനമാടിയത്. ആര്യയുടെ പുതിയ വെബ്‌സീരിസില്‍ സുഷ്മിത സെന്നിനെക്കുറിച്ച് ചന്ദ്ര ചൗര്‍ സിങ് സംസാരിക്കുന്ന ഭാഗം ശശി തരൂര്‍ ചെയ്താല്‍ എങ്ങനെയുണ്ടാവും എന്നാണ് നസ്മ രസകരമായി അവതരിപ്പിച്ചത്.
നസ്മയുടെ വീഡിയോ അതിവേഗം വൈറവലായി. നിരവധിപ്പേര്‍ അഭിനന്ദിച്ച് രംഗത്തെത്തി. സംവിധായകനും നടനുമായ ഹന്‍സല്‍ മേത്ത ഈ വീഡിയോ തരൂരിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് അടുത്ത ട്വിസ്റ്റ്.
വീഡിയോയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത തരൂര്‍ ഒരു ഒന്നാംതരം അടിക്കുറിപ്പെഴുതി.
‘കൊമേഡിയന്റെ തമാശരൂപത്തിലുള്ള അനുകരണത്തില്‍ സന്തോഷം. എന്നിരുന്നാലും, ഇത്തരം നീളമുള്ള വാക്കുകള്‍ ഉപയോഗിക്കുന്ന ആളാണ് ഞാന്‍ എന്ന് വിശ്വസിക്കുന്നില്ല. ഈ കലാകാരിക്ക് നീളമുള്ള വാക്കുകളോട് പേടിയില്ലെന്ന് തീര്‍ച്ചയാണ്’, ഇതാണ് തരൂരിന്റെ ട്വീറ്റിന്റെ ഏകദേശ പരിഭാഷ.
നീളം കൂടിയ വാക്കിനോടുള്ള പേടി എന്നര്‍ത്ഥം വരുന്ന ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെക്വിപെഡാലിയോഫോബിയ (hippopotomonstrosesquipedaliophobia) എന്ന വാക്കാണ് തരൂര്‍ ട്വീറ്റല്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിക്ഷ്ണറിയിലുള്ള ഏറ്റവും വലിയ വാക്കുകളിലൊന്നാണ് ഇത്.
തരൂരിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ ഈ വാക്കിന്റെ അര്‍ത്ഥം തപ്പിയിറങ്ങിയിരിക്കുകയാണ് നെറ്റിസണ്‍സ്. ഗൂഗിള്‍ ഡിക്ഷ്ണറിയില്‍ ഈ വാക്കുകളുടെ അര്‍ത്ഥം ലഭിക്കാത്തതോടെ ട്രോളുകളും നിറഞ്ഞു.
തരൂര്‍ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വാക്കാണ് സെസ്‌ക്വിപെഡാലിയന്‍ (sesquipedalian). നീളമുള്ള വാക്കുകള്‍ ഉപയോഗിക്കുന്ന വ്യക്തി എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്നിരുന്നാലും സാധാരണ സംസാരത്തില്‍ പ്രയോഗിക്കാത്ത വാക്കുകളാണ് ഇവ.
വീഡിയോയും തരൂരിന്റെ ട്വീറ്റും വൈറലായതിന് പിന്നാലെ തരൂര്‍ ഇനി ട്വീറ്റ് ചെയ്താല്‍ തങ്ങള്‍ അത് പ്രാദേശിക ഭാഷയിലേക്ക് മാറ്റി റീ ട്വീറ്റ് ചെയ്യാം എന്ന വാഗ്ദാനവുമായി ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ വി.ഐ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജും രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ