ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയെ ഉന്നംവെച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം.
അനോക്രസി (Anocracy) എന്ന വാക്കാണ് ഞായറാഴ്ച തന്റെ ട്വീറ്റിലൂടെ തരൂര്‍ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന രീതിയെയാണ് ആക്ഷേപഹാസ്യപരമായി തരൂര്‍ ഈ വാക്കിലൂടെ അവതരിപ്പിച്ചത്.
ജനാധിപത്യത്തിനൊപ്പം ഏകാധിപത്യവും ഇടകലര്‍ന്ന ഗവണ്‍മെന്റ്, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ ജനങ്ങള്‍ പഠിച്ച് തുടങ്ങേണ്ട വാക്കാണ് ഇതെന്നും തരൂര്‍ പറയുന്നു.
”ഇന്ത്യയില്‍ നമ്മള്‍ പഠിച്ച് തുടങ്ങേണ്ടതായ ഒരു വാക്ക്, അനോക്രസി. ജനാധിപത്യപരവും സ്വേച്ഛാധിപത്യപരവുമായ സവിശേഷതകള്‍ ഇടകലര്‍ന്ന സര്‍ക്കാര്‍.
തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും ഇന്‍സ്റ്റിറ്റിയൂഷനുകളുടെയും അതിലുള്ള ഇടപെടലുകള്‍ അനുവദിക്കും.
എന്നാല്‍, വളരെ കുറവ് മത്സരം മാത്രം ഉള്‍ക്കൊള്ളിച്ച് നിസാരമായ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നു,” തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ച് ഒരു ദിവസത്തിനിപ്പുറമാണ് തരൂരിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.
മുമ്പും നിരവധി തവണ ആളുകള്‍ക്ക് അത്ര പരിചിതമല്ലാത്തതും ബുദ്ധിമുട്ടേറിയതുമായ ഇംഗ്ലീഷ് വാക്കുകളുമായി തരൂര്‍ രംഗത്തെത്താറുണ്ട്. മിക്കതും ഭരണത്തിലിരിക്കുന്ന ബി.ജെ.പി ലക്ഷ്യം വെച്ചുള്ളതുമാണ്. ഇവ സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടാറുമുണ്ട്.
കഴിഞ്ഞ മാസം അലൊഡോക്‌സാഫോബിയ (Allodoxaphobia) എന്ന വാക്കും തരൂര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ആളുകളുടെ അഭിപ്രായങ്ങളോടുള്ള ഭയം, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
കഴിഞ്ഞ ഏഴ് വര്‍ഷമായി (ബി.ജെ.പി ഇന്ത്യ ഭരിക്കുന്ന വര്‍ഷങ്ങള്‍) ഉള്ള ‘വേഡ് ഫോര്‍ ഡേ’ എന്നായിരുന്നു ഈ വാക്കിനെ തരൂര്‍ വിശേഷിപ്പിച്ചത്. ഇത് വാക്യത്തില്‍ പ്രയോഗിക്കുന്നതെങ്ങനെയെന്നും ഉദാഹരണമായി തരൂര്‍ നല്‍കിയിരുന്നു.
”ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ആളുകള്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തുന്നു, കാരണം അവരുടെ നേതൃത്വത്തിന് അലൊഡോക്‌സാഫോബിയ ബാധിച്ചിട്ടുണ്ട്,” എന്നായിരുന്നു അന്ന് തരൂര്‍ ട്വീറ്റ് ചെയ്തത്.
ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
യു.പിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായും ഉയര്‍ത്തി.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി. എന്നാല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിയാണ് ഭരണത്തിലുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Shashi Tharoor put out a new word anocracy, laced with sarcasm to target the BJP government