ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയെ ഉന്നംവെച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം.
അനോക്രസി (Anocracy) എന്ന വാക്കാണ് ഞായറാഴ്ച തന്റെ ട്വീറ്റിലൂടെ തരൂര്‍ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന രീതിയെയാണ് ആക്ഷേപഹാസ്യപരമായി തരൂര്‍ ഈ വാക്കിലൂടെ അവതരിപ്പിച്ചത്.
ജനാധിപത്യത്തിനൊപ്പം ഏകാധിപത്യവും ഇടകലര്‍ന്ന ഗവണ്‍മെന്റ്, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ ജനങ്ങള്‍ പഠിച്ച് തുടങ്ങേണ്ട വാക്കാണ് ഇതെന്നും തരൂര്‍ പറയുന്നു.
A word we’d better start learning in India: ANOCRACY. Form of government that mixes democratic w/ autocratic features, permits elections, allows participation through opposition parties& institutions accommodating nominal amounts of competition, but acts w/minimal accountability.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ച് ഒരു ദിവസത്തിനിപ്പുറമാണ് തരൂരിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.
മുമ്പും നിരവധി തവണ ആളുകള്‍ക്ക് അത്ര പരിചിതമല്ലാത്തതും ബുദ്ധിമുട്ടേറിയതുമായ ഇംഗ്ലീഷ് വാക്കുകളുമായി തരൂര്‍ രംഗത്തെത്താറുണ്ട്. മിക്കതും ഭരണത്തിലിരിക്കുന്ന ബി.ജെ.പി ലക്ഷ്യം വെച്ചുള്ളതുമാണ്. ഇവ സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടാറുമുണ്ട്.
കഴിഞ്ഞ മാസം അലൊഡോക്‌സാഫോബിയ (Allodoxaphobia) എന്ന വാക്കും തരൂര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ആളുകളുടെ അഭിപ്രായങ്ങളോടുള്ള ഭയം, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
കഴിഞ്ഞ ഏഴ് വര്‍ഷമായി (ബി.ജെ.പി ഇന്ത്യ ഭരിക്കുന്ന വര്‍ഷങ്ങള്‍) ഉള്ള ‘വേഡ് ഫോര്‍ ഡേ’ എന്നായിരുന്നു ഈ വാക്കിനെ തരൂര്‍ വിശേഷിപ്പിച്ചത്. ഇത് വാക്യത്തില്‍ പ്രയോഗിക്കുന്നതെങ്ങനെയെന്നും ഉദാഹരണമായി തരൂര്‍ നല്‍കിയിരുന്നു.
”ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ആളുകള്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തുന്നു, കാരണം അവരുടെ നേതൃത്വത്തിന് അലൊഡോക്‌സാഫോബിയ ബാധിച്ചിട്ടുണ്ട്,” എന്നായിരുന്നു അന്ന് തരൂര്‍ ട്വീറ്റ് ചെയ്തത്.
ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.