മുംബൈ: തുടരെയുള്ള ഹിന്ദുത്വ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വിവാദമായ പരസ്യം പിന്‍വലിച്ച് തനിഷ്‌ക് ജ്വല്ലറി. ലവ് ജിഹാദ് ആരോപിച്ച് പരസ്യത്തിനെതിരെ വ്യാപക ആക്രമണം നടന്നതിനു പിന്നാലെയാണ് പരസ്യം കമ്പനി പിന്‍വലിച്ചത്. മുസ്‌ലിം കുടുംബത്തിലെ ഹിന്ദു ഭാര്യയെ ചിത്രീകരിച്ച പരസ്യമാണ് വിവാദത്തിലായത്.
പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇതിനിടെ പരസ്യത്തെ പിന്തുണച്ചു കൊണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തെത്തി. ഹിന്ദു മുസ്‌ലിം സാഹോദര്യം വിഷയമാവുന്ന മനോഹരമായ പരസ്യമാണ് ഇതെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്.
‘ മനോഹരമായ ഈ പരസ്യത്തിലൂടെ ഹിന്ദു മുസ്‌ലിം ഐക്യം ഉയര്‍ത്തിക്കാട്ടിയതിന് തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഐക്യം അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തത്? ‘ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.