| Wednesday, 13th May 2020, 5:52 pm

'പഴയ സിംഹത്തെ പുതിയ പേരില്‍ വിറ്റു'; മേക്ക് ഇന്‍ ഇന്ത്യ ഒന്നുകൂടി പൊതിഞ്ഞെടുത്തതാണ് ആത്മ നിര്‍ഭര്‍ എന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന് 20 ലക്ഷം രൂപ പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. നേരത്തെ പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ നവീകരിച്ച പതിപ്പല്ലാതെ മറ്റൊന്നും പാക്കേജില്‍ ഇല്ലെന്നാണ് തരൂരിന്റെ വിമര്‍ശനം.

‘പഴയ സിംഹത്തെ പുതിയ പേരില്‍ വിറ്റു. സ്വപ്‌നങ്ങളുടെ കൂമ്പാരം വീണ്ടും വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ് അദ്ദേഹം’, എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

രാജ്യം സ്വയം പര്യാപ്തി നേടാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി ചൊവ്വാഴ്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പി ചിദംബരം അടക്കമുള്ള നേതാക്കള്‍ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി ഒരു വലിയ തലക്കെട്ടും ഒഴിഞ്ഞ പേജും മാത്രം മുന്നില്‍ വെച്ചുവെന്നായിരുന്നു വിഷയത്തില്‍ ചിദംബരത്തിന്റെ പ്രതികരണം. തനിക്കും അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ലെന്നും നിര്‍മ്മല സീതാരാമന്‍ ഒഴിഞ്ഞ പേജ് പൂരിപ്പിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയ്ക്കായുള്ള പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്ന് നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്തിരുന്നു. വിവിധ മന്ത്രാലയങ്ങളുമായി വിശദമായ ചര്‍ച്ച ചെയ്ത ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചത്.

സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയെ സൃഷ്ടിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട് നില്‍ക്കാനല്ല ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകണമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more