ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനായി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാതെ, യൂറോപ്യന്‍ പ്രതിനിധി സംഘത്തെ ക്ഷണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യത്തെ അപമാനിക്കുന്നതുമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യൂറോപ്യന്‍ യൂണിയന്റെ 28 അംഗപ്രതിനിധി സംഘം ചൊവ്വാഴ്ചയാണ് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനെത്തുന്നത്. സംഘത്തിലെ 22 പേരും തീവ്രവലതുപക്ഷക്കാരാണ്.
നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും നയതന്ത്രഞ്ജന്‍ കെ.സി സിംഗും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഇന്ന് കൂടികാഴ്ച്ച നടത്തിയിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യന്‍ യൂണിയന്‍.
ഈ മാസം ആദ്യം യു.എസ് സെനറ്റര്‍ ക്രിസ്വാന്‍ ഹോളന്‍ കശ്മീര്‍ താഴ്വര സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.
അതേസമയം യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി സ്വാഗതം ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം താഴ്വരയില്‍ ഇപ്പോഴും പൂര്‍ണമായി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല. പ്രതിനിധിസംഘത്തിന് ജനങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായും പൊതുപ്രവര്‍ത്തകരുമായും സംവദിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഹ്ബൂബ മുഫ്ത്തി വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ