| Tuesday, 23rd April 2019, 10:13 am

വോട്ടിങ് മെഷീനിലെ തകരാറ് എപ്പോഴും താമരയ്ക്ക് മാത്രം അനുകൂലമാവുന്നത് അതിശയകരമാണ്: ശശി തരൂര്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചൊവ്വരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ബട്ടണമര്‍ത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിയുന്നുവെന്ന പരാതിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. തകരാറ് സംഭവിക്കുന്നത് സാധാരണയാണെങ്കിലും ഏപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയമല്ലേ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ടുവെന്നും ഇതൊരു പ്രത്യേക തരത്തിലുള്ള തകരാറാണോ എന്നറിയില്ലയെന്നും തരൂര്‍ പ്രതികരിച്ചു. വോട്ടു ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരാതി താന്‍ കേട്ടു. ഇത് അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കളക്ടറുടെയും ഉത്തരവാദിത്വമാണ്. യു.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്. ഉടനെ ആ മെഷീന്‍ മാറ്റിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. വോട്ട് ചെയ്തത് പ്രകാരമാണോ ലൈറ്റ് കത്തുന്നതെന്ന് സൂക്ഷിച്ച് നോക്കണമെന്ന് എല്ലാവരോടും പറയുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

കോവളത്ത് ചൊവ്വരയില്‍ 151ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നത്. കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വെച്ചിരുന്നു.

യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവിടെ ഇപ്പോള്‍ പോളിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് വോട്ടിങ് നിര്‍ത്തി വെച്ചിരുന്നത്. കോവളം എം.എല്‍.എ വിന്‍സന്റ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പരാതി ആദ്യമൊന്നും ചെവിക്കൊള്ളാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്ന് വിന്‍സന്റെ എം.എല്‍.എ പറഞ്ഞു. പിന്നെ കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവെക്കുകയായിരുന്നുവെന്നും വിന്‍സന്റ് എം.എല്‍.എ ആരോപിച്ചിരുന്നു.

അതേസമയം ചൊവ്വരയില്‍ വോട്ടിങ് യന്ത്രത്തില്‍ പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. വാസുകി പ്രതികരിച്ചിട്ടുണ്ട്.

ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വാസുകി പറഞ്ഞു. പ്രസ്തുത ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി ഫേസ്ബുക്കില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more