'പാര്‍ലമെന്റിലെ ക്യാമറ'; മോദിക്ക് മറുപടിയുമായി ശശി തരൂര്‍
India
'പാര്‍ലമെന്റിലെ ക്യാമറ'; മോദിക്ക് മറുപടിയുമായി ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2019, 2:23 pm

ന്യൂദല്‍ഹി: ഐ.ഐ.ടി-മദ്രാസില്‍ നടന്ന സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണില്‍ പങ്കെടുക്കവേ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ക്യാമറ മോദിയെ ആകര്‍ഷിച്ചിരുന്നു. ക്ലാസില്‍ ശ്രദ്ധിക്കുന്നവരെയും അല്ലാത്തവരേയും കണ്ടെത്തുന്നതായിരുന്നു ക്യാമറ.

മറ്റ് കണ്ടുപിടുത്തങ്ങളേക്കാള്‍തന്നെ ആകര്‍ഷിച്ചത് ഈ ക്യാമറയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി ഇത്തരമൊരു ക്യാമറ പാര്‍ലമെന്റിലും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.

മോദിയുടെ ഈ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍. വിമര്‍ശനങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ സ്വന്തം മന്ത്രിമാരെ താങ്കള്‍ ആദ്യം പരിശീലിപ്പിക്കൂവെന്നും അങ്ങനെയാണെങ്കില്‍ അത് നന്നാകുമെന്നുമായിരുന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത്തരമൊരു കണ്ടുപിടുത്തം ഉപയോഗപ്രദമാകുമെന്ന് സമ്മതിക്കുന്നു. നരേന്ദ്രമോദിജീ, വിമര്‍ശനങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ സ്വന്തം മന്ത്രിമാരെ താങ്കള്‍ ആദ്യം പരിശീലിപ്പിക്കൂ. പാര്‍ലമെന്റ് എന്ന് പറയുന്നത് സര്‍ക്കാരിന്റെ പ്രഭാഷണം മാത്രം ശ്രദ്ധയോടെ കേട്ടിരിക്കാനുള്ള ഇടമല്ല’- എന്നായിരുന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

ആരാണ് ശ്രദ്ധിക്കുന്നതെന്ന് കണ്ടെത്താനുള്ള ക്യാമറകളെക്കുറിച്ചുള്ള കണ്ടുപിടുത്തം താന്‍ പ്രത്യേകം ഇഷ്ടപ്പെടുന്നുവെന്നും പാര്‍ലമെന്റില്‍ എത്തി സ്പീക്കറുമായി സംസാരിച്ച് ഇത്തരമൊരു ക്യാമറ അവിടെ സ്ഥാപിക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്. ഈ ക്യാമറ പാര്‍ലമെന്റില്‍ ഉപയോഗപ്രദമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും മൂന്ന് സര്‍വകലാശാലകളില്‍ നിന്നായി 20 വിദ്യാര്‍ത്ഥികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, താങ്ങാവുന്നതും ശുദ്ധവുമായ ഊര്‍ജ്ജം എന്നിവയായിരുന്നു തീമുകള്‍.

വെല്ലുവിളികളെ നേരിടാനും പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള വിദ്യാര്‍ത്ഥികളുടെ സന്നദ്ധത വിലമതിക്കുന്നതാണെന്നായിരുന്നു വിജയികളെ അഭിനന്ദിച്ചുകൊണ്ട് മോദി പറഞ്ഞത്.