| Wednesday, 25th January 2023, 12:36 pm

രാജ്യത്ത് വേറെയും വിഷയങ്ങളുണ്ട്, സുപ്രീം കോടതി വിധി പറഞ്ഞ കേസാണിത്; പണ്ടത്തെ കാര്യങ്ങളെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല: തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദമായ ബി.ബി.സി ഡോക്യുമെന്ററിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

ഗുജറാത്ത് കലാപ വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്ത് കഴിഞ്ഞതാണെന്നും ഇനി ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നുമാണ് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

രാജ്യത്ത് വേറെയും കുറേ വിഷയങ്ങളുണ്ടെന്നും അത് പരിഹരിക്കണമെങ്കില്‍ ഈ പണ്ട് കാലത്ത് സംഭവിച്ച കാര്യങ്ങളെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

”ജനങ്ങള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യമാണ് അഭിപ്രായസ്വാതന്ത്ര്യം. ഒരു സിനിമയുണ്ടാക്കി ഒരു രാഷ്ട്രീയപാര്‍ട്ടിയെയോ പ്രധാനമന്ത്രിയെയോ ആക്ഷേപിച്ചു എന്ന് പറയുമ്പോള്‍ അതിനെ എങ്ങനെയും കാണാം.

ഒരേ സമയത്ത് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ചോ രാജ്യത്തെ കുറിച്ചോ വിദേശ സ്ഥാപനങ്ങള്‍ പറയുമ്പോള്‍ അതിനെ വേറെ രീതിയിലും ചിലര്‍ കാണുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ ഈ വിഷയത്തെ ഇത്ര വലുതാക്കേണ്ടിയിരുന്നില്ല.

ഈ വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്ത് കഴിഞ്ഞതാണ്. നമുക്ക് നമ്മുടെ സ്വന്തം അഭിപ്രായമുണ്ടാകാം. പലരും സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സന്തുഷ്ടരായിരിക്കില്ല. പക്ഷെ കോടതിയുടെ തീരുമാനം വന്നശേഷം നമ്മള്‍ ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല.

ഭാരതത്തില്‍ വേറെ കുറേ വിഷയങ്ങളുണ്ട്. അതിനെ പരിഹരിക്കണമെന്നുണ്ടെങ്കില്‍ ഈ പണ്ട് കാലത്ത് സംഭവിച്ച കാര്യങ്ങളെ കുറിച്ച് മാത്രം ഇവിടെ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല.

പക്ഷെ സെന്‍സര്‍ഷിപ് വേറെ വിഷയമാണ്. ഈ സിനിമ നമ്മള്‍ കാണിക്കാന്‍ പാടില്ല, സമൂഹമാധ്യമത്തില്‍ പങ്കുവെക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നതിനെ ഒരിക്കലും പിന്തുണക്കാനാവില്ല. ഈ സെന്‍സര്‍ഷിപ് ഭരണഘടനയിലേ ഇല്ലാത്തതാണ്. ജനങ്ങള്‍ കാണട്ടെ, അവര്‍ക്ക് സ്വന്തം അഭിപ്രായമുണ്ടാകാം.

ആളുകളെ അവര്‍ക്കിഷ്ടമുള്ളത് കാണാന്‍ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണ്.

നമ്മുടെ നാട്ടില്‍ 2002ല്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് അന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ചില നയതന്ത്രജ്ഞര്‍ പോയി അന്വേഷണം നടത്തി. അവരുടെ റിപ്പോര്‍ട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ബി.ബി.സിയുടെ കയ്യില്‍ കിട്ടി. അതുകൊണ്ട് അവരത് സ്‌റ്റോറിയാക്കി.

ഇതില്‍ വലിയ അതിശയം തോന്നേണ്ടതില്ല. കാരണം ഇതൊരു ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ ജോലിയാണ്, പ്രത്യേകിച്ച് അവരുടെ സ്വന്തം പൗരന്മാരെ ബാധിക്കുന്ന രീതിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് അന്വേഷിക്കേണ്ടതാണ്.

ഒരു വിദേശരാജ്യത്തിന് വേറൊരു രാജ്യത്ത് സംഭവിക്കുന്ന ആഭ്യന്തര കാര്യങ്ങള്‍ക്കകത്ത് ഒന്നും പറയാന്‍ പറ്റില്ല, എന്ന നിലപാട് എടുക്കാനാവില്ല. പക്ഷെ അത് പബ്ലിക്കായി പറയേണ്ട ആവശ്യമില്ല, പ്രൈവറ്റായാണ് പറയുക.

ഇതൊരു ആഭ്യന്തര റിപ്പോര്‍ട്ടാണെന്ന് ബി.ബി.സിക്കാരും സമ്മതിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ പബ്ലിക്കായി പ്രഖ്യാപിച്ച കാര്യമല്ല ഇത്.

ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം നാലഞ്ച് വര്‍ഷമായി ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയത്തെ കുറിച്ചാണ്. ബി.ബി.സിക്കാര്‍ക്ക് ഇതൊന്നും പറയാന്‍ അവകാശമില്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക. അവര്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. അത് കാണാനും ഇഷ്ടപ്പെടാതിരിക്കാനും ആളുകള്‍ക്ക് അവകാശമുണ്ട്.

സര്‍ക്കാര്‍ ഈ ഡോക്യുമെന്ററിയെ അവഗണിച്ചിരുന്നെങ്കില്‍ ഇപ്പോഴുള്ളതിന്റെ അഞ്ച് ശതമാനം പോലും വിവാദമുണ്ടാകുമായിരുന്നില്ല. ഇതുപോലെ മോദി സര്‍ക്കാരിനെ കുറിച്ചും ഗുജറാത്ത് കലാപത്തെ കുറിച്ചും എത്ര സിനിമകളും പുസ്തകങ്ങളും വന്നിട്ടുണ്ട്,” ശശി തരൂര്‍ പറഞ്ഞു.

ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കുമെന്ന തരത്തില്‍ അനില്‍ ആന്റണി കഴിഞ്ഞ ദിവസം പങ്കുവെച്ച വിവാദ ട്വീറ്റിനെ കുറിച്ചുള്ള ചോദ്യത്തോടും ശശി തരൂര്‍ പ്രതികരിച്ചു.

”ഈ വാദത്തോട് ഞാന്‍ ഒരിക്കലും യോജിക്കില്ല. കാരണം ഒരു വിദേശ ഡോക്യുമെന്ററി വന്നെന്ന് കരുതി നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും അത് ബാധിക്കാന്‍ പോകുന്നില്ല. അത് അത്രയും ശക്തമല്ലാത്ത ഒന്നല്ല.

അത് കുറച്ച് അപക്വമായ നിലപാടാണെന്നാണ് തോന്നുന്നത്.

അനില്‍ എന്നോട് ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല, അതുകൊണ്ട് ഇതില്‍ എനിക്ക് പ്രത്യേകിച്ച് യോജിപ്പൊന്നുമില്ല. അനില്‍ നല്ലൊരു വ്യക്തിയാണ്, അദ്ദേഹത്തിന് വല്ലതും പറയാനുണ്ടെങ്കില്‍ ഞാന്‍ സംസാരിച്ച് നോക്കിയിട്ട് അഭിപ്രായം പറയാം.”

ബി.ബി.സി മുന്‍വിധിയുള്ള ചാനലാണെന്നും ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റെടുക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുമെന്നുമായിരുന്നു അനില്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. ഇത് വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസിലെ പദവികളില്‍ നിന്നുള്ള അനില്‍ കെ. ആന്റണി രാജിവെച്ചിരുന്നു. എന്നാല്‍ രാജി മാത്രം പോരെന്നും അനിലിനെതിരെ സംഘടനാപരമായ നടപടി വേണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണ് ഉള്ളതെന്ന പാര്‍ട്ടിയില്‍ യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനം ലഭിക്കുന്നതെന്നും രാജിക്കത്തില്‍ അനില്‍ വിമര്‍ശിച്ചിരുന്നു.

2002ലെ ഗുജറാത്ത് വംശഹത്യയെയും മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്കിനെയും കുറിച്ചാണ് ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യഭാഗം പറയുന്നത്.

കലാപത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടതടക്കമുള്ള സാഹചര്യങ്ങളും ദൃക്സാക്ഷികളായവര്‍ ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന് പുറത്തിറങ്ങി.

Content Highlight: Shashi Tharoor on BBC documentary about Narendra Modi

We use cookies to give you the best possible experience. Learn more