ന്യൂദല്‍ഹി: പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. കൊറോണ വൈറസ് എന്ന മഹാമാരി ഭരണകൂടത്തിന് ജനങ്ങളുടെ സ്വകാര്യതയെ നിരീക്ഷിക്കാനുള്ള ഉപാധിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ ആരോഗ്യസേതു ആപ്പ് പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ നിര്‍ബന്ധിതമാക്കുകയാണ് സര്‍ക്കാര്‍. സ്വകാര്യതയും ഡാറ്റാ സംരക്ഷണവും ചോദ്യചിഹ്നമായി നില്‍ക്കുന്നു. ഇന്ത്യയില്‍ നിരീക്ഷണ ഭരണകൂട നിര്‍മ്മിതിക്കായുള്ള ഉപാധിയല്ല കൊവിഡ് 19’, തരൂര്‍ ട്വീറ്റ് ചെയ്തു.
കൊവിഡ് വ്യാപനം മനസിലാക്കാനും ലൊക്കേഷന്‍ വ്യക്തമാക്കാനുമാണ് ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത്. കൊവിഡ് രോഗിയുമായി ഇടപഴകിയ വ്യക്തിയുടെ സാന്നിധ്യവും ആപ്പ് അറിയിക്കും.
മൂന്നാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സര്‍ക്കാര്‍ ആപ്പ് നിര്‍ബന്ധമാക്കിയത്. കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഉള്ളവര്‍ക്കെല്ലാം ആപ്പ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.