തിരുവനന്തപുരം: എ.ഐ.സി.സി തെരഞ്ഞടുപ്പിലെ ശക്തമായ മത്സരത്തിനൊടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ശശി തരൂരിന് ലഭിച്ചത്. ഇത് കേരള രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്താന്‍ കേരളത്തില്‍ വിവിധ പരിപാടികളും കൂടിക്കാഴ്ചകളുമായി പര്യടനത്തിനൊരുങ്ങുകയാണ് തരൂര്‍.
ഇതിന്റെ ഭാഗമായി പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് എന്‍.എസ്.എസ് നേതൃത്വം സ്ഥിരീകരിച്ചിരിക്കുകയാണ്.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഏറ്റവും പ്രധാന ചടങ്ങാണ് സ്ഥാപകന്‍ കൂടിയായ മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷം. 146ാം മന്നം ജയന്തി ആഘോഷമാണ് ഇത്തവണ നടക്കുന്നത്. എന്‍.എസ്.എസിന്റെ ഇത്തരത്തിലുള്ള സുപ്രധാന സമ്മേളനത്തില്‍ ഇത് ആദ്യമായാണ് തരൂരിന് ക്ഷണം ലഭിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തമ്മിലുള്ള പരസ്യ വാക്‌പോര് രൂക്ഷമായ സാഹചര്യത്തിലാണ് ശശി തരൂരിനെ എന്‍.എസ്.എസ് തങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങിലേക്ക് ക്ഷണിച്ചതെന്നത് ശ്രദ്ധേയമാണ്.
20 മുതല്‍ മലബാറിലെ മൂന്ന് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന തരൂരിന്റെ തെക്കന്‍ ജില്ലകളിലെ പ്രധാന പരിപാടിയാണ് മന്നം ജയന്തി സമ്മേളനം. പാലായില്‍ കെ.എം. ചാണ്ടി അനുസ്മരണത്തിനും തരൂരാണ് മുഖ്യാതിഥി.
അതേസമയം, ഞായറാഴ്ച മുതലാണ് തരൂരിന്റെ വടക്കന്‍ ജില്ലകളിലെ പരിപാടികള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും സംഘടിപ്പിക്കുന്ന പരിപാടികളിലും തരൂര്‍ പങ്കെടുക്കും. കൂടാതെ ‘സംഘപരിവാറും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കോഴിക്കോട്ട് പ്രഭാഷണവും തരൂര്‍ നടത്തും.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരള നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം.കെ. രാഘവന്‍ എം.പിയാണ് മലബാര്‍ ജില്ലകളിലെ അദ്ദേഹത്തിന്റെ പര്യടനം ഏകോപിപ്പിക്കുന്നത്. 20ന് രാവിലെ കോഴിക്കോട്ട് എം.ടി. വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് തുടക്കം.
അന്ന് തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റയും മാതൃഭൂമി എം.ഡി എം.വി. ശ്രേയാംസ് കുമാറിന്റെയും വസതികളില്‍ എത്തും. 22ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെയും തരൂര്‍ കാണുന്നുണ്ട്.
22ന് രാവിലെ തരൂര്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെയും കാണും. അതേ ദിവസം തന്നെ മലപ്പുറം ഡി.സി.സിയിലും എത്തും.
യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരൂരിനെ യു.ഡി.എഫ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ലീഗിന് ഉള്ളത്. അടുത്ത ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തരൂരിന്റെ സാന്നിധ്യം കേരളത്തിലാകെ ഗുണം ചെയ്യുന്ന തരത്തില്‍ ഉപയോഗിക്കണമെന്ന അഭിപ്രായവും ലീഗിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പാണക്കാട് സന്ദര്‍ശനം ശ്രദ്ധേയമാകുന്നത്.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ച തരൂരിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ലെങ്കിലും കിട്ടിയ 1072 വോട്ടില്‍ നൂറോളം വോട്ട് കേരളത്തില്‍ നിന്നാണെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇപ്പോഴത്തെ തരൂന്റെ നീക്കങ്ങളില്‍ പരസ്യമായ എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ തരൂരിന്റെ ജനസ്വീകാര്യത മുന്നണിക്കും പാര്‍ട്ടിക്കും ഗുണം ചെയ്യുന്ന രീതിയില്‍ ഉപയോഗപ്പെടുത്താനാണ് കെ.പി.സി.സി നീക്കമെന്നാണ് സൂചന.
Content Highlight: Shashi Tharoor MP to be active in Kerala politics