വിവാദത്തിനില്ല; സോണിയയോട് സംസാരിച്ച ശേഷം സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കും: സുധാകരന്റെ മുന്നറിയിപ്പിന് പിന്നാലെ തരൂര്‍
Kerala News
വിവാദത്തിനില്ല; സോണിയയോട് സംസാരിച്ച ശേഷം സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കും: സുധാകരന്റെ മുന്നറിയിപ്പിന് പിന്നാലെ തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th March 2022, 9:05 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് സംസാരിച്ച ശേഷം സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ശശി തരൂര്‍ എം.പി.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകള്‍ ബഹുമാനത്തോടെ കാണുന്നുവെന്നും ഇപ്പോള്‍ വിവാദത്തിനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

പരിപാടിയില്‍ തന്നെ ക്ഷണിച്ചത് സി.പി.ഐ.എം ദേശീയ നേതൃത്വമാണ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍, സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കുന്നതിനു പാര്‍ട്ടിയുടെ വിലക്കില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ആരും എന്നെ വിലക്കിയിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണം,’ എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

അതേസമയം, വിലക്ക് ലംഘിച്ച് സി.പി.ഐ.എം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് സുധാകരന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

കോണ്‍ഗ്രസുകാര്‍ സി.പി.ഐ.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സോണിയാഗാന്ധി അനുവദിച്ചാല്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തോട്ടെ എന്നും കെ. സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ കെപി.സി.സി നേതൃത്വം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ ശശി തരൂര്‍, കെ.വി. തോമസ് എന്നിവരെയാണ് സി.പി.ഐ.എം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നത്.

CONTENT HIGHLIGHTS:  Shashi Tharoor MP says he will decide whether to attend the CPI (M) seminar after talking to Congress president Sonia Gandhi.