| Sunday, 16th October 2022, 11:16 pm

'ഞാന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനി'; കെ. സുധാകരന് മറുപടിയുമായി ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ട്രെയിനി പരാമര്‍ശത്തിനെതിരെ ശശി തരൂരിന്റെ മറുപടി. സുധാകരന് എന്തും പറയാമെന്നും താന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും തരൂര്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്തെത്തിയ ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സംസ്ഥാനങ്ങളില്‍ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ല. പ്രചരണത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെട്ടില്ല. ചുമതലയുള്ളവര്‍ നിര്‍ദേശം ലംഘിച്ച് പ്രചരണത്തിന് പോയി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ നൂറില്‍ കൂടുതല്‍ വോട്ട് കിട്ടുമെന്ന് പറഞ്ഞ ശശി തരൂര്‍, എണ്ണത്തില്‍ കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ശശി തരൂര്‍ സംഘടനാപരമായി ട്രെയിനിയാണെന്നായിരുന്നു കെ. സുധാകരന്റെ വിവാദ പരാമര്‍ശങ്ങളില്‍ ഒന്ന്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. എ.ഐ.സി.സി തെരഞ്ഞെടുപ്പില്‍ തന്റെ മനസാക്ഷി വോട്ട് ഖാര്‍ഗെക്കാകുമെന്നും അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞു.

എന്നാല്‍, ആരോപണം തള്ളി സുധാകരന്‍ രംഗത്തെത്തി. തരൂരിനെ ട്രെയിനി എന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. പക്ഷെ അഭിമുഖത്തില്‍ ട്രെയിനി എന്ന് തന്നെയായിരുന്നു പരാമര്‍ശം.

അതേസമയം, തിങ്കളാഴ്ച നടക്കുന്ന എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കേരളത്തിലെ എല്ലാ പി.സി.സി അംഗങ്ങളോടും തരൂര്‍ വോട്ട് ചോദിച്ചു. രഹസ്യബാലറ്റാണെന്നും ആര്‍ക്ക് വോട്ട് ചെയ്തു എന്ന് മറ്റാര്‍ക്കും അറിയാന്‍ കഴിയില്ലെന്നും എനിക്ക് തന്നെ വോട്ട് നല്‍കണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ തരൂര്‍ അഭ്യര്‍ഥിച്ചു. മാറ്റത്തിന് ഒരു വോട്ട് എന്നതാണ് തരൂരിന്റെ മുദ്രാവാക്യം.

Content Highlight: Shashi Tharoor MP’s Reaction on K Sudhakaran’s Controversial Statement

We use cookies to give you the best possible experience. Learn more