ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. കായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്താന്‍ പി.ടി. ഉഷക്കാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
‘പ്രിയപ്പെട്ട പി.ടി. ഉഷ, ആവര്‍ത്തിച്ചുള്ള ലൈംഗികപീഡന പരാതിയില്‍ സഹ കായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്താന്‍ നിങ്ങള്‍ക്കാകില്ല. അവര്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് ‘രാഷ്ട്രത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നില്ല.
താരങ്ങളെ കേള്‍ക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്നതിനും ന്യായമായ നടപടികള്‍ സ്വീകരിക്കുന്നതിനും പകരം, അവരുടെ ആശങ്കകള്‍ അവഗണിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്,’ ഉഷയുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട് തരൂര്‍ ട്വീറ്റ് ചെയ്തു.
Dear @PTUshaOfficial, it is does not become you to disparage the justified protests of your fellow sportspersons in the face of repeated & wanton sexual harassment. Their standing up for their rights does not “tarnish the image of the nation”. Ignoring their concerns — instead of…
— Shashi Tharoor (@ShashiTharoor) April 28, 2023
താരങ്ങളുടെ പ്രതിഷേധം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമുണ്ടാക്കുന്നതാണെന്നായിരുന്നു പി.ടി. ഉഷയുടെ പ്രസ്താവന. ഇതിന് മറുപടിയായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തിയിരുന്നു.
ബ്രിജ് ഭൂഷണിനെതിരായ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കുമെന്ന് പറയുമ്പോള്‍ അയാള്‍ക്കെതിരായ പീഡന ആരോപണങ്ങളും, കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതുമൊക്കെ ഇന്ത്യയില്‍ റോസാപ്പൂക്കളുടെ ഗന്ധം പടര്‍ത്തുകയാണല്ലോ അല്ലേ എന്നാണ് മഹുവ പറഞ്ഞത്.
അതേസമയം, ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയും ക്രിക്കറ്റ് ലോകകപ്പ് ജേതാവായ കപില്‍ ദേവും രംഗത്തെത്തി.
തന്റെ സഹ കായികതാരങ്ങള്‍ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത് കാണുമ്പോള്‍ വേദനയുണ്ടെന്നും കേസില്‍ വേഗത്തിലുള്ള നടപടിയുണ്ടാകണമെന്നും നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. ‘ഇവര്‍ക്ക് എന്നെങ്കിലും നീതി ലഭിക്കുമോ,’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കപില്‍ ദേവിന്റെ പ്രതികരണം.
Content Highlight: Shashi Tharoor MP also criticized Indian Olympic Association President PT Usha who criticized the protest of wrestlers