| Sunday, 3rd January 2021, 12:47 pm

പരീക്ഷണം പൂര്‍ത്തിയാക്കാത്ത കൊവാക്‌സിന് അനുമതി നല്‍കിയ നടപടി അപകടകരം: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടിയന്തര ഉപയോഗത്തിനായി കൊവാക്‌സിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് വാക്‌സിന് അനുമതി നല്‍കിയത് അപകടകരമാണെന്നാണ് തരൂര്‍ പറഞ്ഞത്.

‘തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാതെ വിതരണത്തിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം,’ തരൂര്‍ ട്വീറ്റ് ചെയ്തു.

അതേസമയം ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനായ കൊവിഷീല്‍ഡുമായി മുന്നോട്ട് പോകാമെന്നും തരൂര്‍ പറഞ്ഞു.

ഉപാധികളോടെയാണ് കൊവിഷീല്‍ഡിനും കൊവാക്‌സിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡ്രഗ്സ് കണ്‍ട്രോളറാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കൊവിഷീല്‍ഡ്’ വാക്‌സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

വാക്‌സിന്‍ വിതരണത്തിനായുള്ള റിഹേഴ്‌സലായ ഡ്രൈ റണ്‍ രാജ്യത്തെല്ലായിടത്തും നടത്തുകയും ചെയ്തിരുന്നു. വിദഗ്ധ ശുപാര്‍ശയില്‍ രാജ്യത്തെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് വാക്‌സിനുകളില്‍ ഒന്നാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയുമായും ആസ്ട്രാസെനകയും ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്. ഭാരത് ബയോടെക്കിന്റെ വാക്‌സിനാണ് കൊവാക്‌സിന്‍. വിദേശസ്വകാര്യകമ്പനിയായ ഫൈസറിന്റെ വാക്‌സിനും അനുമതി വിദഗ്ധസമിതി പരിഗണിക്കുന്നുണ്ട്.

ഈ മൂന്ന് കമ്പനികളോടും മരുന്ന് പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളില്‍ ലഭിച്ച ഫലങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊവിഷില്‍ഡിന് ബ്രിട്ടണില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi Tharoor MP against Covaxin and says which is not completed the third phase of the experiment

Latest Stories

We use cookies to give you the best possible experience. Learn more