| Monday, 3rd May 2021, 12:37 am

ഇത് ഇന്ത്യ എന്ന ആശയത്തിന്റെ വിജയം; ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിദ്യകളെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും ബംഗാള്‍ തെളിയിച്ചു: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ബംഗാളിലെ വിജയം ‘ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന ആശയത്തിന്റെ വിജയമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിദ്യകള്‍ പരാജയപ്പെടുത്താന്‍ സാധിക്കാത്തതല്ലെന്ന് കൂടി ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.

‘ഒരാളുടെ മതമോ സ്ഥലമോ വിഷയമാകാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന ആശയത്തിന്റെ വിജയമാണ് ബംഗാളില്‍ സംഭവിച്ചത്. മാത്രമല്ല, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിദ്യകള്‍ തോല്‍പ്പിക്കാന്‍ പറ്റാത്തത് അല്ലെന്നും ഈ തെരഞ്ഞെടുപ്പ് കാണിച്ചു തന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ അമിത അധികാര പ്രയോഗങ്ങളെ സംസ്ഥാനങ്ങള്‍ പ്രതിരോധിക്കുന്ന ഫെഡറല്‍ ഇന്ത്യയുടെ മൂല്യങ്ങളെയും ബംഗാള്‍ വിജയം പുനസ്ഥാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പി 78 സീറ്റിലും ഇടത് ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.

ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചരണം നയിച്ചത്. സംസ്ഥാനത്ത് 100 ന് മുകളില്‍ സീറ്റ് പിടിച്ചെടുക്കുമെന്നും ബി.ജെ.പി അവകാശപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi Tharoor MP about TMC winning in Bengal Election 2021

We use cookies to give you the best possible experience. Learn more