കോട്ടയം: ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ താന്‍ അത് അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂര്‍ എം.പി
എന്‍.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും, ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമാണ് ഇന്നത്തേതെന്നും ശശി തരൂര്‍ പറഞ്ഞു.
‘മന്നം ജീവിതത്തില്‍ ചെയ്തത് ഇപ്പോളും സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നായര്‍ സമുദായം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിരുന്നു.
ഒരു കാലത്ത് നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ ആയിരുന്നപ്പോള്‍ സ്‌കൂള്‍ ഫീസ് അടക്കാന്‍ പൈസ ഇല്ലാതെ രണ്ട് വര്‍ഷം മന്നത്ത് പത്മനാഭന് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്.
മാനവ സേവ മാധവ സേവ എന്നതായിരുന്നു മന്നത്തിന്റെ മുദ്രാവാക്യം. അയിത്തത്തിനെതിരെ പോരാടിയ നേതാവായിരുന്ന അദ്ദേഹം,’ എന്നും തരൂര്‍ പറഞ്ഞു.
കുടുംബ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നു കൊടുത്ത ആളായിരുന്നു മന്നം എന്നും തരൂര്‍ അനുസ്മരിച്ചു.
അതിനിടെ, തെറ്റ് തിരുത്തുന്നതിനാണ് ശശി തരൂര്‍ എം.പിയെ മന്നം ജയന്തി ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നം ജയന്തി ദിന സമ്മേളനത്തിന് സ്വാഗതം ആശംസിക്കവേയാണ് സുകുമാരന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്.
ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ ‘ദല്‍ഹി നായര്‍’ എന്ന് വിളിച്ചു. അദ്ദേഹം ദല്‍ഹി നായരല്ല, കേരള പുത്രനാണ്. വിശ്വ പൗരനാണ്.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും എന്‍.എസ്.എസിന്റെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിനെ മുഖ്യഥിതിയായി ക്ഷണിച്ചതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
10 വര്‍ഷം മുമ്പാണ് എ.കെ ആന്റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തത്. അതിന് ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍.എസ്.എസ് ക്ഷണിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ജി. സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്. രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു.