ന്യൂദല്‍ഹി: വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് തനിഷ്‌ക് പരസ്യം പിന്‍വലിച്ചതില്‍ പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. തനിഷ്‌ക് ജ്വല്ലറി പരസ്യ വിവാദത്തിന് ദുഃഖപര്യവസാനമായിരിക്കുന്നുവെന്നും മതസ്പര്‍ധ ഇന്ത്യയില്‍ സാധാരണ സംഭവമാകുന്ന ദിനം വന്നു ചേരുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് ശശി തരൂര്‍ ട്വിറ്ററിലെഴുതിയത്.
‘തനിഷ്‌ക് ജ്വല്ലറി പരസ്യ വിവാദത്തിന് ദുഃഖപര്യവസാനമായിരിക്കുന്നു. ധീരതയിലൂടെയും വ്യത്യസ്തതയിലൂടെയും പരമ്പരാഗത കുടുംബ ജ്വല്ലറിക്കാരില്‍ നിന്നും ആളുകളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പരസ്യങ്ങള്‍ ചെയ്യുന്ന ഒരു ബ്രാന്‍ഡ് ഇത്ര വേഗം സമ്മര്‍ദത്തിന് വഴങ്ങിയത് ആശ്ചര്യപ്പെടുത്തുന്നു.’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
തനിഷ്‌ക് ജ്വല്ലറിയുടെ കീഴടങ്ങല്‍ ചിലര്‍ രാജ്യത്ത് അഴിച്ചുവിട്ട ഭയത്തിലേക്കും ഭീഷണിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
‘തനിഷ്‌ക് ജ്വല്ലറിയുടെ കീഴടങ്ങല്‍ ചിലര്‍ രാജ്യത്ത് അഴിച്ചുവിട്ട ഭയത്തിലേക്കും ഭീഷണിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഞാന്‍ വളര്‍ന്നു വന്ന ഇന്ത്യ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയിരിക്കുന്നു, അതും ഏറ്റവും ദോഷകരമായ രീതിയില്‍. മതസ്പര്‍ധ പ്രചരിപ്പിക്കുന്നത് തികച്ചും സാധാരണമായ ഒരു കാര്യമായി തീരുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ മാറിപ്പോകുന്ന ഒരു ദിനം വരുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേയില്ല.’ ശശി തരൂര്‍ പറഞ്ഞു.
നേരത്തെ തന്നെ പരസ്യത്തിന് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദു-മുസ് ലിം സാഹോദര്യം വിഷയമാവുന്ന മനോഹരമായ പരസ്യമാണ് ഇതെന്ന് ശശി തരൂര്‍ പ്രതികരിച്ചത്.
‘മനോഹരമായ ഈ പരസ്യത്തിലൂടെ ഹിന്ദു മുസ്ലിം ഐക്യം ഉയര്‍ത്തിക്കാട്ടിയതിന് തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഐക്യം അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തത്? ‘ ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ് ലിം കുടുംബത്തിന്റെ കഥയായിരുന്നു തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി.
തുടര്‍ന്ന് ബോയ്ക്കോട്ട് തനിഷ്‌ക് തുടങ്ങിയ ക്യാംപെയ്നുകള്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം തനിഷ്‌ക് പരസ്യം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.
അതേസമയം പരസ്യം പിന്‍വലിച്ച ശേഷവും തനിഷ്‌കിനെതിരെ വിദ്വേഷപ്രചരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പരസ്യം പിന്‍വലിച്ചാല്‍ പോര മാപ്പ് പറയണമെന്നാണ് ഇപ്പോള്‍ ട്വിറ്ററില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ക്യാംപെയ്ന്‍. #Apology എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കുകയാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ പാപ്പരാകാന്‍ കാത്തിരുന്നോളൂ എന്നുള്ള ഭീഷണി ട്വീറ്റുകള്‍ വരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിന്ദു മുസ്ലിം ഐക്യം പ്രമേയമായി വരുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്‍പും ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നേരത്തെ ഹോളിയുടെ ഭാഗമായി സര്‍ഫ് എക്സല്‍ ഇറക്കിയ പരസ്യം പിന്‍വലിക്കണമെന്നും കമ്പനി നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാലും സര്‍ഫ് എക്സല്‍ പരസ്യം പിന്‍വലിച്ചിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shashi Tharoor M P on Tanishq Jewellery withdrawing the ad after controversy